തിരുവനന്തപുരം: സഹപാഠി നൽകിയ പാനീയം കുടിച്ച് ആന്തരിക അവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്ത് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകനും കൊല്ലംകോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ വിദ്യാർത്ഥിയുമായ അശ്വിൻ (11) ആണ് മരിച്ചത്. 17/10/22 തിങ്കളാഴ്ച വൈകിട്ട് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2022 സെപ്റ്റംബറിൽ ആണ് കുട്ടിയുടെ മരണത്തിന് കാരണമായ സംഭവം ഉണ്ടായത്. പരീക്ഷയ്ക്ക് ശേഷം ടോയ്ലറ്റിൽ പോയി മടങ്ങുമ്പോൾ സഹപാഠിയായ വിദ്യാർത്ഥി കോള എന്ന പേരിൽ ശീതള പാനീയം നൽകി എന്നാണ് കേസ്. പാനീയം വാങ്ങി കുറച്ചു കുടിച്ചെങ്കിലും രുചി ഇഷ്ടപ്പെടാത്തതിനാൽ കുപ്പി വലിച്ചെറിഞ്ഞു എന്ന് അശ്വിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
പാനീയം കുടിച്ചതിന്റെ പിറ്റേദിവസം തന്നെ കുട്ടിക്ക് പനി പിടിപെട്ടു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പനി ശമിച്ചില്ല. കുറച്ചുദിവസത്തിന് ശേഷം കടുത്ത വയറുവേദന, ഛർദ്ദി, ശ്വാസംമുട്ടൽ എന്നിവ കൂടി അനുഭവപ്പെട്ടതോടെ കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആവർത്തിച്ചു നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളിൽ കണ്ടെത്തിയത്. അന്നനാളം, കുടൽ തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റതായും കണ്ടെത്തിയിരുന്നു. വൃക്കകൾ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതിന് പിന്നാലെ ഡയാലിസിസും തുടങ്ങി. ചികിത്സയ്ക്കിടെ കടുത്ത ന്യൂമോണിയ ബാധിക്കുകയും പിന്നാലെ അണുബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം.
അതേസമയം, ആരാണ് പാനീയം നൽകിയതെന്നും എന്തിനായിരുന്നു എന്നും കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആസിഡ് ഉള്ളിൽ ചെന്നു എന്ന സ്ഥിരീകരണത്തിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തിക്കാത്തതും രക്ഷിതാക്കളിൽ സംശയം ഉണർത്തുന്നു. അശ്വിൻ പാനീയം കുടിച്ചതിന്റെ തലേ ദിവസം വിദ്യാർത്ഥികൾ കെമിസ്ട്രി ലാബിൽ പരീക്ഷണം നടത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പരീക്ഷണത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ കുടിച്ചാലും സമാനമായ പ്രശ്നങ്ങളുണ്ടാകാം എന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ പരീക്ഷണത്തിലൂടെ നിർമ്മിച്ച ദ്രാവകം മുഴുവൻ ഒഴുക്കി കളഞ്ഞതായാണ് സ്കൂൾ അധികൃതർ പറയുന്നത്. അശ്വിന്റെ മൃതദേഹം നഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 18/10/22 ചൊവ്വാഴ്ച പോസ്റ്റ് മോർട്ടം നടത്തും. ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

