ചരിത്ര നായകനായ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ സിജു വിത്സണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വന്‍താരനിര അണിനിരക്കുന്നുണ്ട്. ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രവും പത്തൊമ്പതാം നൂറ്റാണ്ടാണ്. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.തമിഴ്, തെലുങ്ക്, കന്നട , ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പത്തൊമ്ബതാം നൂറ്റാണ്ട് സെപ്തംബര്‍ 8ന് എത്തുന്നത്.
കൊവിഡിനെത്തുടര്‍ന്ന് രണ്ട് ഓണക്കാലം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിരുന്നെങ്കില്‍ ഇത്തവണ അതിനു മാറ്റമുണ്ട്. ആറു ചിത്രങ്ങള്‍ ഓണക്കാലത്ത് റിലീസ് ചെയ്യും. വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്രാണ്ട്,പൃഥ്വിരാജിന്റെ ഗോള്‍ഡ്, നിവിന്‍ പോളിയുടെ പടവെട്ട്, കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി ചിത്രം ഒറ്ര്, ബിജുമേനോന് ചിത്രം ഒരു തെക്കന്‍ തല്ലുകേസ്, ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഓണച്ചിത്രങ്ങള്‍.
ഈ ഓണത്തിന് മമ്മുട്ടി മോഹൻലാൽ ചിത്രം റിലീസിന് ഉണ്ടായിരിക്കുന്നതല്ല.
മമ്മൂട്ടിയുടെ റോഷാക്ക് ഓണം റിലീസ് ലക്ഷ്യമിട്ടിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓണത്തിന് എത്തില്ല . മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഓണത്തിന് എത്തുമെന്ന് ഉറപ്പിച്ചെങ്കിലും പൂജ റിലീസിലേക്ക് മാറുകയും ചെയ്തു.
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം അല്‍ഫോന്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും ആണ് നായകനും നായികയും.വിനയ് ഫോര്‍ട്ട്, അജ് മല് അമീര്‍, അബുസലിം, സൈജുകുറുപ്പ്, ശബരീഷ് വര്‍മ്മ, കൃഷ്ണശങ്കര്, ഷറഫുദ്ദീന്, ദീപ്തി സതി, മല്ലിക സുകുമാരന്‍, ശാന്തികൃഷ്ണ, ജഗദീഷ്, പ്രേംകുമാര്‍, സുരേഷ് കൃഷ്ണ, ഇടവേള ബാബു, ചെമ്ബന്‍ വിനോദ്, റോഷന് മാത്യു, ബാബുരാജ് തുടങ്ങി വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗും സ്റ്റണ്ടും വിഷ്വല്‍ ഇഫക്ട്സും അനിമേഷനും കളര്‍ഗ്രേഡിങ്ങും അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്.
നിവിന്‍പോളിയെ നായകനാക്കി സണ്ണിവയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വയ്ന് നിര്‍മ്മിക്കുന്ന പടവെട്ട് നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. അരുവി എന്ന ചിത്രത്തിലൂടെ തമിഴകത്തും കോള്‍ഡ് കേസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തിയ അദിതി ബാലന് ആണ് നായിക. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്, ഇന്ദ്രന്‍സ്, വിജയരാഘവന്, കൈനകരി തങ്കരാജ്, ബാലന് പാറയ്ക്കല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി എന്നിവരെ നായകന്മാരാക്കി ടി.പി ഫെല്ലിനി തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം ആണ് ഒറ്റ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തില്‍ എത്തുന്നു. തെലുങ്ക് താരം ഇൗഷ റബ ആണ് നായിക. എസ്. സജീവ് രചന നിര്‍വഹിക്കുന്നു.ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മ്മാണം.
ബിജു മേനോന് നായകനാവുന്ന ഒരു തെക്കന്‍ തല്ലു കേസ്ആണ് മറ്റൊരു ഓണചിത്രം. ഇടവേളയ്ക്കുശേഷം പത്മപ്രിയ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത എഴുത്തുകാരന് ജി.ആര്. ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്നു.രാജേഷ് ചിന്നാടന് ആണ് തിരക്കഥ സംഭാഷണം. റോഷന് മാത്യു, നിമിഷ സജയന് എന്നിവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
-ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി. രാജന് സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തില്‍ മോളിക്കുട്ടി എന്ന് പേരിട്ട പശു ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്, ഷമ്മി തിലകന്, ജോണി ആന്റണി, ഉണ്ണിമായ പ്രസാദ്, ജയകുറുപ്പ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.വിനോയ് തോമസ് ,-അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് രചന.



