എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോള്‍-കേരളയില്‍ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയം പഠന സഹായികളുടെ വില്‍പ്പന തുടരുന്നു. സ്കോള്‍-കേരള എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും ഇവ ലഭ്യമാണ്.
സ്കോള്‍-കേരള ഓപ്പണ്‍ റഗുലര്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഹയര്‍സെക്കന്‍ഡറി കോഴ്സ് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും വിധം ഹയര്‍സെക്കന്‍ഡറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി, സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയില്‍ സ്വയം പഠിക്കാവുന്ന തരത്തിലാണ് സ്വയംപഠന സഹായികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹയര്വസെക്കന്ഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകത്തോടൊപ്പം സ്വയംപഠന സഹായികളും ഉള്‍പ്പെടുത്താമെന്ന് സ്കോള്‍-കേരള എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പരില്‍ ബന്ധപ്പെടണം.

