ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കൂച്ചുവിലങ്ങിടാന്‍ ഇന്ധനനികുതിയില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ലിറ്ററിന് ആറുരൂപയും എക്സൈസ് നികുതി കേന്ദ്രം കുറച്ചു. സംസ്ഥാനം ആനുപാതികമായി പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറവു വരുത്തി. ഇതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 പൈസയും കുറയും. നിരക്കിളവ് ഇന്നു പ്രാബല്യത്തിലാകും. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണു നിര്‍ണായകപ്രഖ്യാപനം നടത്തിയത്. പ്രതിവര്‍ഷം ഒരുലക്ഷം കോടിരൂപയുടെ അധികവരുമാനം ഇതിലൂടെ ഉപേക്ഷിക്കേണ്ടിവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് കഴിഞ്ഞതവണ കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്നു നിര്‍മല സീതാരാമന് ആവശ്യപ്പെട്ടു. ഇതിലൂടെ സാധാരണക്കാരന് കൂടുതല്‍ ആശ്വാസമേകാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പിടിവിട്ടുയരുന്ന മൊത്ത, ചില്ലറവിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.38 ശതമാനത്തിലെത്തിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇന്ധനവിലക്കയറ്റത്തിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വില മാനംമുട്ടിയത് ജനജീവിതം ദുസഹമാക്കിയിരുന്നു. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണവിപണിയിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായതുമില്ല. പ്രതിപക്ഷത്തിനു പുറമേ, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം എതിര്‍സ്വരം കടുത്തതോടെയാണ് തീരുവ ഇളവിനു കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്സൈസ് തീരുവയില്‍ ഇളവു വരുത്തിയത്. അന്നു പെട്രോളിന് അഞ്ചു രൂപയുടെയും ഡീസലിന് 10 രൂപയുടെയും കുറവാണ് വരുത്തിയത്.


