കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനം വർദ്ധിക്കുന്നു: 100 ബസുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.എ.സി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും, എ.സി സീറ്ററിന് 15,66,415 രൂപയും, നോൺ എ.സി സർവ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എ.സി സ്ലീപ്പർ സർവ്വീസിലെ എട്ട് ബസുകളും ബാഗ്ലൂർ സർവീസാണ് നടത്തുന്നത്. എ.സി സീറ്റർ ബസുകൾ പത്തനംതിട്ട-ബാഗ്ലൂർ, കോഴിക്കോട്-ബാഗ്ലൂർ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോൺ എ.സി സർവ്വീസ് നടത്തുന്നത്. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നതാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ

ബസുകളുടെ പെർമിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകൾ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →