അൽമാട്ടി: ഇന്ധനവില ക്രമാതീതമായി വർധിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ രാജിവെച്ചൊഴിഞ്ഞ് കസാക്കിസ്ഥാൻ സർക്കാർ. പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധം തണുപ്പിക്കാനോ ജനങ്ങളെ നിയന്ത്രിക്കാനോ സാധിക്കാതെ വന്നതിനാൽ രാജിവെക്കുന്നതായി പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് അറിയിച്ചു.
പ്രസിഡന്റിന്റെ രാജി സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മംഗ്സ്റ്റോവ് മേഖലയിലുള്ളവർ വാഹനങ്ങളുടെ പ്രധാന ഇന്ധനമായി എൽ.പി.ജിയെയാണ് ആശ്രയിക്കുന്നത്. ഗ്യാസോലിൽ ഉപയോഗിക്കുന്നതിനേക്കാൾ വില കുറവായതിനാലാണ് ജനങ്ങൾ എൽ.പി.ജിയെ ആശ്രയിക്കുന്നത്. എൽ.പി.ജി വില പരിധി അധികൃതർ എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ധന വില വൻതോതിൽ കൂടുകയായിരുന്നു.
ഇന്ധന വിലയിലെ കുതിച്ചുചാട്ടം ഭക്ഷണമടക്കമുള്ള മറ്റ് ജീവിതചെലവുകളെയും സാരമായി ബാധിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലെ പ്രധാന ചത്വരത്തിൽ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അക്രമാസക്തരായ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. അൽമാട്ടിയിലെ സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.




