കാബൂള്‍: കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം. അടികൊണ്ട മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു.
അഫ്ഗാനിലെത്തിയ പാകിസ്ഥാന് ചാരസംഘടന ഐഎസ്ഐ മേധാവിയ്ക്ക് എതിരെ കാബൂളില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് പ്രകടനത്തിന് എത്തിയത്. അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
പ്രതിഷേധക്കാരെ പിരിച്ചുവിടാനായി വെടിയുതിര്‍ക്കുന്ന താലിബാന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പ്രതിഷേധം വാര്‍ത്തയായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് താലിബാന് തല്ലിച്ചതച്ചത്. പ്രതിഷേധങ്ങള്‍ക്ക് മുന്‍കൂട്ടി അനുമതി വേണമെന്നും താലിബാന് ഉത്തരവിറക്കിയിട്ടുണ്ട്.


