മുംബൈ: 17 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വെള്ളിയാഴ്ച കാലത്ത് 6.15നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ ശരീരത്തിലൂടെ ഗുഡ്‌സ് ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്.
മധ്യപ്രദേശിലെ ഭുവാസല്‍ ഗ്രാമവാസികളാണ് മരിച്ചത്. റെയില്‍പാളം വഴി നടന്നുപോവുകയായിരുന്ന ഇവര്‍ പാളത്തില്‍ത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനാല്‍ മഹാരാഷ്ട്രയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രയ്ക്കിടയില്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കിലാണ് രാത്രി വിശ്രമത്തിന് കിടന്നുറങ്ങിയത്. ജല്‍നയിലെ ഉരുക്കുഫാക്ടറി തൊഴിലാളികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി കുടിയേറ്റ തൊളിലാളികളാണ് കാല്‍നടയായി ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നത്.




