ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സര്‍ക്കാര്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ലക്ഷ്യ വച്ച് പ്രചരിപ്പിക്കുന്ന തെറ്റായ ആരോപണങ്ങളാണ് പെഗാസസുമായി ഉയരുന്നത്. എന്നിരുന്നാലും ആശങ്കകള്‍ ഇല്ലാതാക്കാനും ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കും, സമിതി പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളിലേക്കും പരിശോധിക്കുമെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു’. അതേസമയം പത്ത് ദിവസത്തിനകം സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, പെഗസസ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഐടി മന്ത്രാലയം നിഷേധിച്ചു. വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ളെ എതിര്‍ക്കുകയും ചെയ്തു. വിഷയത്തില്‍ ഐടി മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും മന്ത്രാലയും ചൂണ്ടിക്കാട്ടുന്നു. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തടസ്സപ്പെടുന്ന നില ഉണ്ടായിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും നിരന്തരം പ്രക്ഷുബ്ദമാവുകയും പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് പെഗാസസ് ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ആരെല്ലാമാണ് സമിതിയിലെ അംഗങ്ങള്‍, ഏതെല്ലാം വിഷയങ്ങള്‍ പരിശോധിക്കാനാണ് ഒരുങ്ങുന്നത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →