ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാറുപ്രകാരം ഐ.എസില്‍ ചേരാന്‍ പോയി അഫ്ഗാന് ജയിലിലായ മലയാളിയായ ആയിഷ(സോണിയ സെബാസ്റ്റിയന്)യെയും മകളെയും നാട്ടിലേക്കു മടക്കിക്കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റിയന് ഫ്രാന്‍സിസാണു ഹര്‍ജി നല്‍കിയത്. ആയിഷയും മകളും ഭീകരവാദ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ അഫ്ഗാന് സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. ഐ.എസില്‍ ചേരാനുള്ള തീരുമാനത്തില്‍ മകള്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും വി.ജെ. സെബാസ്റ്റിയന് ഫ്രാന്‍സിസ് ഹര്‍ജിയില്‍ പറഞ്ഞു.മകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിയമസഹായം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.2016 ജൂെലെയിലാണു ആയിഷ ഐ.എസില്‍ ചേരാനില് അഫ്ഗാനിസ്ഥാനില്‍ പോയത്. ഇവരുടെ ഭര്‍ത്താവ് 2019 ല്‍ നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുല് ഇ ചര്‍ക്കി ജയിലിലാണ് നിലവില്‍ ആയിഷയും ഏഴ് വയസുള്ള മകളും തടവില്‍ കഴിയുന്നത്.


