യോഗിയുടെ ഭരണത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; പ്രതിച്ഛായ സംരക്ഷിക്കാൻ തിരക്കിട്ട നടപടികൾ

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 9 മാസം മാത്രം ശേഷിച്ചിരിക്കേ ബിജെപിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെയും ചങ്കിടിപ്പ് കൂടുകയാണ്. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കോവിഡിൻ്റെ രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകളുണ്ടായതായി ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലുളളവർക്കു തന്നെ അഭിപ്രായമുണ്ട് എന്നാണ് സൂചന. തുടക്കത്തിൽ യോഗി ആദിത്യനാഥിനുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടെന്ന വിലയിരുത്തലാണ് ബിജെപിയ്ക്കുള്ളത്.

പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അടിയന്തര നടപിടികൾ സ്വീകരിച്ചില്ലെങ്കിൽ യു പി നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്നാണ് പാർടി കണക്കുകൂട്ടുന്നത്.

പരിഹാര നടപടികളുടെ ഭാഗമായാണ് മെയ് 23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് സർക്കാരിന്റെ പ്രവർത്തനവും കോവിഡ് രണ്ടാം തരംഗത്തിന്റെ സ്വാധീനവും അവലോകനം ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചത് എന്ന് പാർടി വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മേധാവി ജെ പി നദ്ദ, പാർട്ടിയുടെ യുപി ഓർഗനൈസേഷൻ സെക്രട്ടറി സുനിൽ ബൻസാൽ, ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥോ സംസ്ഥാന ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങോ ഈ യോഗത്തിൽ പങ്കെടുത്തില്ല.

യോഗീ സർക്കാരിനു മേൽ കേന്ദ്ര നേതൃത്വത്തിൻ്റെ ശക്തമായ നിയന്ത്രണം ഇനി മുതൽ ഉണ്ടാകും എന്നതാണ് നിലവിൽ പുറത്തു വരുന്ന റിപോർട്ടുകൾ.

മന്ത്രിസഭയില്‍ അടക്കം ഇനി കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടമുണ്ടാകും. വന്‍ ഭൂരിപക്ഷം തന്നെ യുപിയില്‍ നേടിയില്ലെങ്കില്‍ വലിയ നഷ്ടം രാജ്യസഭയില്‍ അടക്കം ബിജെപിക്കുണ്ടാവും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും യോഗിക്ക് അടിതെറ്റാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് ബി ജെ പി ക്ക് ലഭിച്ചത്. നിരവധി പേര്‍ യോഗിക്കെതിരെ നിശബ്ദമായി പ്രതികരിക്കുന്നുണ്ട്. നിശബ്ദമായി യോഗിക്കെതിരെ വലിയൊരു തരംഗം തന്നെയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് യോഗി സര്‍ക്കാരില്‍ പിടിമുറുക്കാന്‍ മോദി തന്നെ തീരുമാനിച്ചത്.

യുപി സര്‍ക്കാരിന്റെ മുഖം മിനുക്കാനാണ് മോദി സര്‍ക്കാര്‍ നീക്കം. മന്ത്രിസഭയിൽ തന്നെ പുനസംഘടന ഉടന്‍ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എകെ ശര്‍മ മന്ത്രിയാകുമെന്നാണ് സൂചന. മോദിക്ക് ശര്‍മയെ മന്ത്രിസഭയിലെത്തിക്കാന്‍ പ്രത്യേക താല്‍പര്യവുമുണ്ട്.

ഗംഗയിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വന്നതോടെ ബിജെപിയില്‍ യോഗിക്കുള്ള ആധിപത്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ വെട്ടി മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കാൻ ഠാക്കൂര്‍ വിഭാഗവും രംഗത്തുണ്ട്. സ്വന്തം എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ യോഗിക്കെതിരെ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു എന്നതാണ് ചില ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട് ചെയ്യുന്നത്.

സമാജ് വാദി പാർടിയെ ഇത്രയും കാലം എഴുതി തള്ളിയ ബിജെപി ഇപ്പോള്‍ അവരെ ഭയക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ പിന്തുണ തന്നെ എസ്പി നേടിയെടുത്തു. മികച്ച ജയവും അവര്‍ക്ക് ലഭിച്ചു. അയോധ്യ പോലുള്ള നിര്‍ണായക സീറ്റുകളും സമാജ് വാദി പിടിച്ചു. അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത എസ്പി ശക്തമാക്കിയിരിക്കുകയാണ്. അഖിലേഷ് യാദവ് ശക്തമായ പ്രചാരണം യാദവ മേഖലകളില്‍ നടത്തുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസ് കൂടി നേട്ടമുണ്ടാക്കിയാല്‍ അടുത്ത തവണ ഭരണം നഷ്ടമാവുമെന്ന ഭയം ബിജെപി ക്യാമ്പിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →