പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ 233-ാം നമ്പർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. 06/04/21ചൊവ്വാഴ്ച രാവിലെ പോളിങ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്‌തതോടെ പ്രശ്‌നം സംഘർഷത്തി ലേക്കെത്തുകയും ഇരുകൂട്ടരും തമ്മിൽ ഉന്തും തളളുമുണ്ടാവുകയുമായിരുന്നു.
നാദാപുരത്ത് കളളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ രംഗത്തെത്തി. പത്താം നമ്പർ ബൂത്തിലെ 286-ാം ക്രമനമ്പറിലുളള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കളളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി.
മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ താൻ സന്ദർശനം നടത്തിയെന്നും എന്നാൽ ചില ബൂത്തുകളിൽ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളിൽ എത്തി തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീൺ ചൂണ്ടിക്കാണിക്കുന്നു.
നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.കണ്ണൂരിലെ ആന്തൂരിലും യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. 177-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി ആരോപണം ഉയർന്നിരിക്കുന്നത്.

