ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദം കുറയ്ക്കാൻ അവധി നൽകുന്നത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനത്തിനും വിവാഹ വാർഷിക ദിനത്തിനും കാഷ്വൽ ലീവ് അനുവദിക്കാൻ അനുമതി നൽകുന്ന സർക്കുലറാണ് പുറത്തിറക്കിയത്. പോലീസുകാരുടെ ജോലിയും ജീവിത സമതുലിതാവസ്ഥയും മെച്ചപ്പെടുത്താനും മനോവീര്യം ഉയർത്താനും ലക്ഷ്യമിട്ടാണ് കർണാടക സംസ്ഥാന പോലീസ് ആസ്ഥാനം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രധാന ദിവസങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്നും ഉത്തരവിൽ പറയുന്നു.
ഇത് ജോലിയിലുള്ള സംതൃപ്തി വർധിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു
ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ അവധി നൽകുന്നത് കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും മാനസികമായി പുതുജീവൻ നേടാനും സഹായിക്കും. ഇത് ജോലിയിലുള്ള സംതൃപ്തി വർധിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അതുവഴി സേനയിലെ ജോലി മെച്ചപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.കർണാടക ഡിജിപിയും ഐജിപിയുമായ ഡോ. എം.എ. സലീം ആണ് സർക്കുലർ പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ഈ ഉത്തരവ് ഒരുപോലെ നടപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
.
