ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്ന വിവിധ ഹർജികൾ തീർപ്പാക്കുന്നതിന് ഒന്പതംഗ ഭരണഘടനാ ബെഞ്ച് രൂപ വത്കരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്.
ദാവൂദി ബോറ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം, മോസ്കുകളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് ഉൾപ്പടെയുളള ഹർജികളും.
ശബരിമല യുവതീപ്രവേശനത്തിനു പുറമെ ദാവൂദി ബോറ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം ആചാരത്തെയും മോസ്കുകളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന ഹർജികൾ, സമുദായത്തിനുപുറത്ത് വിവാഹം ചെയ്യുന്ന പാഴ്സി സ്ത്രീകൾക്ക് ആരാധനാലയത്തിൽ പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ തുടങ്ങിയവയും സുപ്രീംകോടതി മുമ്പാകെയുണ്ട്.
ഭരണഘടനാ കോടതികൾ ആശുപത്രിയിലെ അത്യാഹിതവിഭാഗം പോലെ പ്രവർത്തിക്കും
കഴിയുന്നത്ര ഭരണഘടനാബെഞ്ചുകൾ സ്ഥാപിച്ച് ഭരണഘടനാപ്രശ്നങ്ങൾ ഉന്നയിക്കുന്ന തീർപ്പുകൽപ്പിക്കാത്ത ഹർജികൾ തീർപ്പാക്കുകയാണ് തന്റെ മുൻഗണനയെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ കോടതികൾ ആശുപത്രിയിലെ അത്യാഹിതവിഭാഗം പോലെ പ്രവർത്തിക്കും. വ്യക്തിഗത അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം തേടാൻ ഏതൊരു പൗരനും എപ്പോൾ വേണമെങ്കിലും സുപ്രീംകോടതിയുടെ വാതിൽ മുട്ടാമെന്നും ചീഫ് ജസ്റ്റീസ് അഭിമുഖത്തിൽ ഉറപ്പ് നൽകി.
അഭിഭാഷകർക്കു സുപ്രീംകോടതിയിൽ സമയപരിധി .
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി കോടതിയിൽ അഭിഭാഷകർക്കു വാദങ്ങൾ ഉന്നയിക്കുന്നതിന് സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിരുന്നു. അഭിഭാഷകരുടെ വാദങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ കേസിൽ തീർപ്പു കൽപ്പിക്കാൻ കാലതാമസം നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടിയിലേക്ക് സുപ്രീംകോടതി കടന്നത്.

