റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിൽ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നതായി റിപ്പോർട്ടുകൾ

October 23, 2025 - 6:53 am

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നു.
തീവ്ര വ്യാപന ശേഷിയുള്ളതും വായുവില്‍ക്കൂടി പകരുന്നതുമായ പൈറിക്കുലാറിയ കുമിള്‍ രോഗമാണ് ഇഞ്ചികൃഷിയെ ബാധിച്ചിരിക്കുന്നത്. താലൂക്കില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് മൊത്തമായി നശിച്ചിട്ടുള്ളത്. കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിലാണ് രോഗവ്യാപനം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.

ഓടക്കാലി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെത്തി പൈറിക്കുലാറിയ രോഗം ആണെന്ന് സ്ഥിരീകരിച്ചു.

പ്രദേശത്തെ കൃഷി ഉദ്യോഗസ്ഥരും കർഷകരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ പ്രിയാമോള്‍ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. തുടർന്ന് ഓടക്കാലി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ എത്തിച്ച്‌ നടത്തിയ പഠനത്തിലാണ് പൈറിക്കുലാറിയ രോഗം ആണെന്ന് സ്ഥിരീകരിച്ചത്. ഇഞ്ചിയുടെ ഇലയില്‍ പുള്ളിക്കുത്തുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അതിവേഗം തണ്ടിലേക്ക് വ്യാപിച്ച്‌ കരിഞ്ഞ് അഴുകും.

രോ​ഗം കണ്ടെത്തിയാല്‍ ഉടൻ മരുന്ന് പ്രയോഗം നടത്തണം

രോഗവ്യാപനം കണ്ടെത്തിയാല്‍ ഉടനടി മരുന്ന് പ്രയോഗം നടത്തണം. വൈകിയാല്‍ ഫലമുണ്ടാകില്ല. തുടക്കത്തിലെ മരുന്ന് ചെയ്യാന്‍ കഴിയാതിരുന്ന കൃഷികളാണ് നശിച്ചിട്ടുള്ളത്. പൈറിക്കുലാറിയ രോഗം നെല്ല്, ഗോതമ്പ് തുടങ്ങിയ മറ്റു പല വിളകളേയും ബാധിക്കാറുണ്ടെങ്കിലും ഇഞ്ചി കൃഷിയെ ഇത്ര വ്യാപകമായി പിടികൂടുന്നത് ശ്രദ്ധയില്‍പ്പെടുന്നത് ആദ്യമായാണ്.

രോഗ ലക്ഷണം കാണുമ്പോള്‍ തന്നെ കുമിള്‍നാശിനി പ്രയോഗം നടത്തണം

പ്രതിവിധിയായി പ്രോപ്പിക്കോണസോള്‍ ലിറ്ററിന് ഒരു എംഎല്‍, ടെബുകോണസോള്‍ 1.5 എംഎല്‍, കാർബൻഡാസിം രണ്ട് ഗ്രാം, സാഫ് രണ്ട് ഗ്രാം എന്നീമരുന്നുകള്‍ കൃത്യമായ അനുപാതത്തില്‍ വെള്ളത്തില്‍ കലർത്തി സ്പ്രേ ചെയ്യുവാനാണ് കൃഷിവകുപ്പ് അധികൃതർ നിർദേശിക്കുന്നത്.
ഇഞ്ചിവിത്ത് നടുന്നതിന് മുൻപ് കുമിള്‍നാശിനി ഉപയോഗിച്ച്‌ പരിപാലനം നടത്തുന്നത് രോഗം വരാതിരിക്കാൻ സഹായകമാണ്.ഇതിനായി ഒരു ലിറ്റർ വെള്ളത്തില്‍ രണ്ടു ഗ്രാം സാഫ് ചേർത്ത് ലായനി ഉപയോഗിക്കാവുന്നതാണ്. നടുമ്പോള്‍ നീർവാർച്ച ഉറപ്പാക്കണം. കൂടാതെ ട്രൈക്കോഡർമ ചേർത്ത് സമ്പുഷ്ടികരിച്ച ചാണകപ്പൊടി ഉപയോഗിക്കുന്നതും രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായകമാണ്. ഇഞ്ചി നട്ട് നാലുമാസം കഴിയുമ്പോള്‍ രോഗ പ്രതിരോധത്തിനായി ഏതെങ്കിലും കമിള്‍നാശിനി ഉപയോഗിക്കുന്നതും രോഗ പ്രതിരോധത്തിന് സഹായിക്കുന്നു.
രോഗ ലക്ഷണം കാണുമ്പോള്‍ തന്നെ രോഗബാധയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം കുമിള്‍നാശിനി പ്രയോഗം നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ പറഞ്ഞു.

കൃഷി നാശം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം

കോതമംഗലം താലൂക്കിലും സമീപ താലൂക്കുകളിലും വ്യാവസായികാവശ്യങ്ങള്‍ക്കും, വീട്ടാവശ്യങ്ങള്‍ക്കും നടത്തിയിട്ടുള്ള ഇഞ്ചികൃഷിയില്‍ രോഗവ്യാപനം ഉണ്ടായിട്ടുള്ളതായാണ് അറിയുന്നത്. കൃഷി നാശം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നല്‍കാൻ കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വികരിക്കണമെന്നാണ് കർഷകരുടെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *