കൊച്ചി : 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ കാലടിയില്‍ പിടിയിലായി . അസം നൗഗാവ് സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ് (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ് പിടിയിലായത്. ഒന്‍പതു സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്‌ത്രത്തിനുള്ളിലുമായിരുന്നു.
സംഭവം കാലടി ബസ് സ്‌റ്റാന്റിന്റെ പരിസരത്ത്.
2024 സെപ്‌തംപര്‍ 18 ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും കാലടി പോലീസും ചേര്‍ന്ന് കാലടി ബസ് സ്‌റ്റാന്റിന്റെ പരിസരത്തു നിന്നാണ് ഇവരെ കസ്‌റ്റഡി യിലെടുത്തത്. ഡാന്‍സാഫ് ടീമിനെക്കുടാതെ ഡിവൈ.എസ്.പി. എം.എ. അബ്ദുല്‍ റഹിം, കാലടി എസ്.എച്ച്.ഒ. അനില്‍കുമാര്‍ ടി. മേപ്പള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, വി.എസ്. ഷിജു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എറണാകുളം ജില്ലയിലേക്ക് ഹെറോയിന്‍ എത്തിക്കുന്ന പ്രധാന സംഘമാണ് പിടിയിലായത്.
കെ.എസ്.ആര്‍.ടി.സി ബസില്‍ കാലടിയിലേയ്‌ക്ക്
അസമിലെ ഹിമാപൂരില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ കാലടിയിലെത്തിയത്. പത്ത് ഗ്രാം 150 ഡപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു ഡപ്പിക്ക് 2,500- 3,000 നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.