മലപ്പുറം: ഒക്ടോബര്‍ അഞ്ചിന് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നമ്പര്‍പ്ലേറ്റില്ലാതെ വന്ന ചുവന്ന ജീപ്പിനെ ചുറ്റിപ്പറ്റി പോലീസ് നടത്തിയ അന്വേഷണമാണ് വ്യവസായ സുരക്ഷാ സേനയുടെയും കസ്റ്റംസിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തിലെ പങ്ക് വെളിവാക്കിയത്. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ സ്വര്‍ണക്കടത്തിന് കേസ് എന്ന അപൂര്‍വതയിലേക്കുമെത്തി.
കസ്റ്റംസിനെ വെട്ടിച്ച് 503 ഗ്രാം സ്വര്‍ണവുമായി ജിദ്ദയില്‍നിന്നുവന്ന വയനാട് സ്വദേശി എന്‍.വി. മുബാറക്, മലപ്പുറം മൂര്‍ക്കനാട്ടെ യൂസഫ് എന്നിവരും സ്വര്‍ണം കൊണ്ടുപോകാന്‍ വന്ന കൊണ്ടോട്ടിയിലെ കെ.പി. ഫൈസലും വള്ളുവമ്പ്രത്തെ എം. മുഹമ്മദ് നിഷാദുമായിരുന്നു പാര്‍ക്കിങ് ഏരിയയില്‍ കണ്ടെത്തിയ ജീപ്പിലുണ്ടായിരുന്നത്. ഫൈസലിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ വിമാനത്താവളത്തില്‍ ലഗേജ് കൈകാര്യംചെയ്യാന്‍ കരാറെടുത്ത കമ്പനി ജീവനക്കാരന്‍ പി. ഷറഫലിയുടെ നമ്പര്‍ കണ്ടെത്തി. ഇതോടെ ഷറഫലിയെ പോലീസ് കൂട്ടിക്കൊണ്ടുവന്ന് ചോദ്യംചെയ്തു.
സ്വര്‍ണക്കടത്തിനുവേണ്ടിമാത്രം രഹസ്യഫോണ്‍ ഷറഫലി ഉപയോഗിക്കുന്നതായി വ്യക്തമായി. പാന്റ്സിന്റെ പോക്കറ്റില്‍ 500 രൂപയുടെ രണ്ട് കെട്ടുകളായി ഒരുലക്ഷം രൂപയും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിന്റെ ഗാലറിയില്‍ വെള്ളപ്പേപ്പറില്‍ ‘ഒക്ടോബര്‍ മന്ത് ‘ എന്ന തലക്കെട്ടില്‍ ചില തീയതികള്‍ക്കുനേരെ ‘ഡേ, നൈറ്റ്, ഡി, എന്‍’ എന്നിങ്ങനെ എഴുതിയിരിക്കുന്നു. ചോദ്യംചെയ്യലില്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ടേണാണെന്നും സി.ഐ.എസ്.എഫിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ വാട്സാപ്പില്‍ അയച്ചുകൊടുത്തതാണെന്നും വെളിപ്പെടുത്തി.

