റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരിൽ ലോക്കൽ പൊലീസ് കളളക്കേസ് ചുമത്തിയെന്ന പരാതിയുമായി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നടുറോഡിൽ അക്രമി സംഘത്തിൽ നിന്ന് മർദനമേറ്റിട്ടും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ലോക്കൽ പൊലീസ് കളളക്കേസ് എടുത്തെന്നാണ് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇൻസ്പെക്ടർ ഗോപകുമാറിൻറെ പരാതി. 2023 സെപ്തംബർ എട്ടാം തീയതി ഏറ്റുമാനൂർ നഗരത്തിലാണ് സംഭവം.

എന്നാൽ ഭർത്താവിനൊപ്പം ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ലോക്കൽ പൊലീസും വാദിക്കുന്നു. സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു

ഏറ്റുമാനൂർ നഗരത്തിലെ ഹോട്ടലിനു മുന്നിൽ വച്ച് ജിസ് തോമസ് എന്ന ഓട്ടോ ഡ്രൈവറെ ഒരു സംഘം ആളുകൾ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഗോപകുമാറിനു നേരെ അക്രമി സംഘം പായുന്നതും ദൃശ്യങ്ങളിൽ കാണാം.

ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാനെത്തിയ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറും ഭാര്യയ്ക്കും മകനുമൊപ്പം സ്കൂട്ടറിൽ എത്തിയ ചുവന്ന ഉടുപ്പിട്ട യുവാവും തമ്മിൽ വാക്കു തർക്കമുണ്ടായതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തർക്കം ചിത്രീകരിക്കാൻ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഗോപകുമാർ ശ്രമിക്കുന്നതിനിടെ യുവാവിൻറെ ഭാര്യ ഗോപകുമാറിൻറെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്. പിന്നീട് യുവാവും ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറും തമ്മിൽ ഉന്തും തളളും ഉണ്ടായി. ഇതിനിടയിലാണ് ഇവിടെയെത്തിയ ഓട്ടോ ഡ്രൈവർ പ്രശ്നത്തിൽ ഇടപെടുന്നത്. ഈ സമയം മറ്റൊരു വാഹനത്തിൽ സ്ഥലത്തെത്തിയ യുവാവിൻറെ സുഹൃത്തുക്കൾ ഓട്ടോ ഡ്രൈവർ ജിസ് തോമസിനെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഗോപകുമാറിനെയും സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

മർദനത്തിനെതിരെ പിറ്റേന്ന് തന്നെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ ഇടപെട്ട് ഈ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണമുണ്ട്. ഇൻസ്പെക്ടർ പരാതി പിൻവലിക്കാതെ വന്നതോടെ ദിവസങ്ങൾക്കു ശേഷം ഇൻസ്പെക്ടറെ മർദിച്ച യുവാവിൻറെ ഭാര്യയുടെ മൊഴി എടുത്ത് ഇൻസ്പെക്ടർക്കെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസ് എടുക്കുകയായിരുന്നെന്നാണ് ആരോപണം.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇതിനു കടക വിരുദ്ധമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തത് എന്നും രേഖകൾ നിരത്തി പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയിലെ പ്രമുഖ നേതാവിൻറെ ബന്ധുവായ യുവാവിനെ രക്ഷിക്കാനാണ് സ്വന്തം സേനയിലെ ഉദ്യോഗസ്ഥനെ തന്നെ ജാമ്യമില്ലാ വകുപ്പു പ്രകാരമുളള കേസിൽ പൊലീസ് കുടുക്കിയതെന്നും ആക്ഷേപമുണ്ട്. എന്നാൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തതെന്ന് ഏറ്റുമാനൂർ പൊലീസ് വിശദീകരിച്ചു. ഇൻസ്പെക്ടറെ മർദിച്ചവർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മർദനമേറ്റ ഓട്ടോ ഡ്രൈവറും മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പരാതിക്കാരനായ ഇൻസ്പെക്ടർ ഗോപകുമാർ മുമ്പ് നിരവധി തവണ വകുപ്പു തല നടപടികൾക്ക് വിധേയനായിട്ടുണ്ടെന്ന വസ്തുതയും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇൻസ്പെക്ടർ റാങ്കിലുളള ഉദ്യോഗസ്ഥൻ തന്നെ സ്വന്തം സേനയ്ക്കെതിരെ പരാതി ഉന്നയിച്ചതോടെയാണ് ഐപിഎസുകാരനായ വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിനെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അന്വേഷണം ഏൽപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *