വെല്ലിങ്ടണ്‍: ഫിഫ വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെെയ കീഴടക്കി ഏഷ്യന്‍ശക്തികളായ ജപ്പാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ വിജയം. ഡ്രീം റണ്‍ തുടരുന്ന ജപ്പാന്‍ കളിയുടെ സമസ്തമേഖലയിലും ഇന്നലെ മികച്ചുനിന്നു. ജപ്പാന്റെ ആദ്യരണ്ടുഗോളുകള്‍ നോര്‍വെയുടെ പിഴവില്‍നിന്നാണ് വന്നതെങ്കില്‍ എണ്ണംപറഞ്ഞ ഷോട്ടിലൂടെ ഹിനാത മിയാസാവ ജയമുറപ്പിച്ചു.
പതിനഞ്ചാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെയാണ് ജപ്പാന്‍ മുന്നിലെത്തിയത്. ഒരു ക്രോസ് അടിച്ചകറ്റാന്‍ ശ്രമിക്കവേ നോര്‍വെ ഡിഫന്‍ഡര്‍ ഇന്‍ഗ്രിഡ് സിര്‍സ്റ്റാഡ് എന്‍ഗെനു പിഴക്കുകയായിരുന്നു. പന്ത് സ്വന്തം വലയില്‍. എന്നാല്‍ ആ ലീഡ് അധികനേരം നീണ്ടില്ല. 20-ാം മിനുട്ടില്‍ ഗുറോ റെറ്റന്‍ നോര്‍വേയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ 50-ാം മിനുട്ടില്‍ വില്‍ഡെ ബോ റിസയുടെ ദുര്‍ബലമായ ബാക്ക് പാസ് പിടിച്ചെടുത്ത റിസ ഷിമുസു ജപ്പാനെ വീണ്ടും മുന്നിലെത്തിച്ചു. സമനില ഗോളിനായി നോര്‍വേ ആക്രമിച്ചുകളിക്കവേ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ 81-ം മിനുട്ടില്‍ ജപ്പാന്‍ മൂന്നാം ഗോളും കണ്ടെത്തി. ക്ലിനിക്കല്‍ ഫിനിഷിലൂടെ ഹിനാറ്റ മിയാസവ ടൂര്‍ണന്റെില്‍ തന്റെ അഞ്ചാം ഗോള്‍ കണ്ടെത്തി. സ്വീഡനും യു.എസ്.എയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍ നേരിടുക.



