തിരുവനന്തപുരം : മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ പ്ലസ് ടു ജയിച്ചിട്ടും സംസ്ഥാനത്തെ ബിരുദ കോഴ്സുകളിൽ അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നുവെന്നാണ് ഇതു നൽകുന്ന സൂചന. കണക്കുകൾ സൂചിപ്പിക്കുന്നത് പ്ലസ് ടു ജയിക്കുന്ന വിദ്യാർത്ഥികൾ കേരളം വിടുന്നുവെന്നാണ്. സയൻസ് കോഴ്സുകൾക്കാണ് അപേക്ഷകർ ഏറ്റവും കുറവ്. എന്നാൽ ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബിരുദ കോഴ്സുകൾക്ക് ഇപ്പോഴും സംസ്ഥാനത്ത് ആവശ്യക്കാരുണ്ട്.
വിദേശ പഠനത്തിനായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും വിമാനം കയറുന്നത്. കുറഞ്ഞ തൊഴിൽ സാധ്യതയും അശാസ്ത്രീയമായി കോഴ്സുകളും കോളേജുകളും അനുവദിച്ചതുമെല്ലാം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പ്രഖ്യാപനങ്ങൾക്കപ്പുറം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വേണമെന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
ഇത്തവണ പ്ലസ്ടു ജയിച്ചത് 3,12,005 വിദ്യാർഥികളാണ്. മുൻവർഷത്തേക്കാൾ 10,000 പേർ കൂടുതൽ ഉന്നത പഠനത്തിന് യോഗ്യത നേടി. പക്ഷേ കോളേജുകളിൽ പലയിടത്തും സീറ്റുകൾ വിദ്യാർത്ഥികളെ കിട്ടാതെ ഒഴിഞ്ഞുകിടക്കുകയാണ്. കേരള സർവകലാശാലയിൽ കഴിഞ്ഞ വർഷം ഡിഗ്രിക്ക് 56,000 അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ അത് 50,000 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 63,107 അപേക്ഷകരുണ്ടായിരുന്ന എം.ജി. സർവകലാശാലയിൽ ഇത്തവണ ലഭിച്ചത് 55,231 അപേക്ഷകൾ മാത്രമാണ്. 7876 അപേക്ഷകളുടെ കുറവുണ്ടായി. സാധാരണ ഡിഗ്രി സീറ്റുകൾ കൂടുതലുള്ളത് കാലിക്കറ്റ് സര്വകലാശാലയിലാണ്. മുൻവർഷം ലഭിച്ചത് 1,07,397 അപേക്ഷകളെങ്കിൽ ഇത്തവണ വന്നത് 1,04,890 എണ്ണം മാത്രം. കണ്ണൂർ സർവകലാശാലയിലാണ് അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്. കണ്ണൂർ സർവകലാശാലയിൽ 7200 അപേക്ഷകരുടെ കുറവാണുള്ളത്.
സർക്കാർ-എയ്ഡഡ് കോളേജുകളിൽ കഴിഞ്ഞ വർഷം 25 ശതമാനത്തോളം സീറ്റുകളിൽ ആളുണ്ടായിരുന്നില്ല. 26000 ഡിഗ്രി സീറ്റുള്ള കേരള യൂണിവേഴ്സിറ്റിയിൽ മാത്രം കഴിഞ്ഞ വർഷം 6000 എണ്ണമാണ് ഒഴിഞ്ഞുകിടന്നത്. സപ്ലിമെന്ററി അലോട്ട്മെന്റുകളോടെ, ഇത്തവണ സർക്കാർ-എയ്ഡഡ് സീറ്റുകൾ ഏറെക്കുറെ പൂർത്തിയാവുമെന്ന പ്രതീക്ഷയിലാണ് സർവകലാശാലകൾ. സ്വാശ്രയ കോളേജുകൾക്കാണ് ശരിക്കും പണി കിട്ടുക.



