റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലി സംബന്ധിച്ച പരാതികളിൽ അധികവും റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽ

May 27, 2023 - 12:41 pm

തിരുവനന്തപുരം: കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിക്കുന്നത് എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരെ. ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെയാണ് അറസ്റ്റു ചെയ്തത്. റവന്യുവകുപ്പാണ് കേസുകളിൽ മുന്നിൽ. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു. മറ്റു വകുപ്പുകളിൽ അറസ്റ്റിലായവരുടെ എണ്ണം: ആരോഗ്യം–4, തദ്ദേശം–6, പൊലീസ്–2, വനം–1, കൃഷി–2, റജിസ്ട്രേഷൻ–1, പട്ടികജാതി വകുപ്പ്–1. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021ൽ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു. 2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്.

റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിക്കുന്നതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പരിശോധിക്കും. ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ എന്നിവ പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടരന്വേഷണം നടത്തും. സസ്പെക്റ്റഡ് ഓഫിസേഴ്സ് ഷീറ്റ് (എസ്ഒഎസ്) എന്നാണ് പട്ടികയെ വിളിക്കുന്നത്.

സംശയമുള്ളവരെക്കുറിച്ച് ശേഖരിച്ച പരമാവധി വിവരങ്ങൾ ഷീറ്റിലുണ്ടാകും. പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ റേഞ്ച് എസ്പിമാർ വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറും. ശക്തമായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലർ വ്യക്തിവിരോധത്തിൽ തെറ്റായ പരാതി നൽകും. പട്ടികയിൽ ആളുകളുടെ വിവരങ്ങൾ തെറ്റായി ചേർക്കാതിരിക്കാൻ മാസങ്ങളോളം രഹസ്യനിരീക്ഷണം നടത്തും. രഹസ്യനിരീക്ഷണമായതിനാൽ സമയം കൂടുതൽ എടുക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *