മഴ കനത്താലും കടന്തറ പുഴ രൗദ്രഭാവം പൂണ്ടാലും കോഴിക്കോട് ജില്ലയിലെ കുറത്തിപ്പാറയിലും സെന്റർമുക്കിലുമുള്ളവർക്ക് ഇനി ഭയമില്ലാതെ മറുകരയിലെത്താം. പാലത്തിന് കുറുകെ നിർമ്മിച്ച സ്റ്റീൽ പാലമാണ് സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കിയത്. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് നാടിന്റെ സ്വപ്ന സാക്ഷാത്ക്കാരം.

നേരത്തെ മരത്തടിയിൽ നിർമ്മിച്ച തൂക്കുപാലത്തിൽ ഭയത്തോടെയാണ് മഴക്കാലത്ത് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നത്. വാഹനങ്ങളിലാണെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ഇരുകരകളിലുമെത്താൻ. എന്നാൽ സ്റ്റീൽ പാലം യാഥാർത്ഥ്യമായതോടെ യാത്ര എളുപ്പമാകും.

45 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും പുഴയുടെ തറനിരപ്പിൽനിന്ന് 3.5 മീറ്റർ ഉയരത്തിലുമാണ് പാലത്തിന്റെ നിർമ്മാണം. ചെമ്പനോട കുറത്തിപ്പാറ ഭാഗത്ത് അപ്രോച്ച്റോഡും നിർമിച്ചു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരളയ്ക്കായിരുന്നു (സിൽക്ക്) നിർമാണച്ചുമതല.

ചക്കിട്ടപാറ പഞ്ചായത്തിലെ കുറത്തിപ്പാറയെയും മരുതോങ്കര പഞ്ചായത്തിലെ സെന്റർ മുക്കിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. രണ്ട് പഞ്ചായത്തുകൾക്ക് പുറമേ രണ്ട് നിയോജക മണ്ഡലങ്ങളെയും രണ്ട് താലൂക്കുകളെയും ബന്ധിപ്പിക്കുന്നുവെന്ന പ്രത്യേകതയും പാലത്തിനുണ്ട്. പേരാമ്പ്ര, നാദാപുരും മണ്ഡലങ്ങളെയും കൊയിലാണ്ടി, വടകര താലൂക്കുകളെയുമാണ് പാലം ബന്ധിപ്പിക്കുന്നത്. സിസ്റ്റർ ലിനിയുടെ ഓർമ്മയിൽ ഉയർന്ന പാലം നാടിന് സമർപ്പിക്കുന്നതോടെ ചെമ്പനോട ഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉൾപ്പടെയുള്ള യാത്രയും എളുപ്പമാകും.

Share
അഭിപ്രായം എഴുതാം