റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നിർവഹിച്ചു. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

May 22, 2023 - 7:01 pm

നിയമ നിർമാണ സഭകളിലെ ചർച്ചകൾക്കിടെയുണ്ടാകുന്ന ബഹളവും ഒച്ചപ്പാടും രാഷ്ട്രീയായുധമാക്കരുതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പ്രവണത വർധിച്ചുവരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമുണ്ടാകും. ഇവ പരിഹരിക്കേണ്ടത് ഏറ്റുമുട്ടൽ നിലാപാടുകളിലൂടെയല്ല മറിച്ച്, സഹകരിച്ചുള്ള സംവാദങ്ങളിലൂടെയാണ്. പക്ഷപാത നിലപാടുകൾക്കപ്പുറം ദേശീയ താത്പര്യത്തിനു പ്രാധാന്യം നൽകിയുള്ള നിയമ നിർമാണ ചർച്ചകൾ നടക്കണം.

പുരോഗമന ജനാധിപ്യത്തിലേക്കുള്ള നിയമനിർമാണത്തിൽ മഹത്തായ പാരമ്പര്യമാണു കേരള നിയമസഭയ്ക്കുള്ളതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കേരളീയ സമൂഹത്തിന്റെ പരിണാമത്തിനു കാരണമായ നിരവധി നിയമ നിർമാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടികയും ചാന്തുംകൊണ്ടുള്ള കെട്ടിടമെന്നതിലുപരി, ജനങ്ങളുടെ പ്രതീക്ഷകളുടെ കേന്ദ്രങ്ങളാണ് നിയമ നിർമാണ സഭകൾ. ഇത്തരത്തിൽ, ജനാധിപത്യ മൂല്യങ്ങൾ പൂത്തുലയുന്ന വടവൃക്ഷമായി മാറാൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു നിസംശയം പറയാൻ കഴിയും. കേരള നിയമസഭയുടെ ഓരോ കാലയളവിലും നൂറിലധികം നിയമ നിർമാണങ്ങൾ പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിവർഷം ശരാശരി 44 ദിവസത്തോളം നിയമസഭ സമ്മേളിക്കുന്നുവെന്നതുതന്നെ ജനാധിപത്യത്തിന്റെ ശക്തിയെയാണു കാണിക്കുന്നത്. ഈ അർഥത്തിൽ ‘നിയമസഭ’ എന്ന ഉചിതമായ പേരിൽത്തന്നെ കേരള നിയമസഭ അറിയപ്പെടുന്നത്, ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനേയും ഭരണഘടനയുടെ അന്തഃസത്തയേയുമാണു കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *