ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘ദ കേരള സ്റ്റോറി’ സിനിമയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെല്ലാരിയിൽ 2023 മെയ് 5ന് നടന്ന ഇലക്ഷൻ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറിയാണ് ചർച്ച. കേവലം ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്‌റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തിൽ തീവ്രവാദ ഗൂഢാലോചനകൾ എങ്ങനെ വളർത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു’, മോദി പറഞ്ഞു.
ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോൺഗ്രസ് ഈ സിനിമയെ എതിർക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തെ മറയാക്കിയെയെന്നും മോദി കുറ്റപ്പെടുത്തി. ‘വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാൻ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാർട്ടിക്ക് എന്നെങ്കിലും കർണാടകയെ രക്ഷിക്കാൻ കഴിയുമോ? ഭീകരാന്തരീക്ഷത്തിൽ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരും’,പ്രധാനമന്ത്രി പറഞ്ഞു.



