റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് 30 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ

May 5, 2023 - 4:47 pm

പാലക്കാട്: കിണാശ്ശേരിയിലുള്ള വ്യവസായിക്ക് നൽകാനായി ജീവനക്കാരൻ കൊണ്ടുവന്ന 30 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം ചക്കയവീട്ടിൽ രാമചന്ദ്രൻ (സ്വത്തു രാമചന്ദ്രൻ-34), പനമണ്ണ അമ്പലവട്ടം പുന്നടയിൽ വീട്ടിൽ ജംഷീർ (36) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഏപ്രിൽ 20-നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ പ്രതികൾ വ്യവസായിയുടെ വീടിനു മുന്നിൽവെച്ച്, പണവുമായി വന്ന ജീവനക്കാരന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചും കണ്ണിൽ മുളകുപൊടി സ്പ്രേ ചെയ്തുമാണ് പണം കവർന്നത്. വ്യവസായിക്ക് സ്ഥിരമായി പണം എത്തിക്കാറുള്ളത് മനസ്സിലാക്കിയ രാമചന്ദ്രനാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.

പാലക്കാട്, തൃശ്ശൂർ ജില്ലകളിലുൾപ്പെട്ട നിരവധി കേസുകളിൽ പ്രതികളായ പത്തുപേരെ ഉൾപ്പെടുത്തിയാണ് കൃത്യം നടത്തിയത്. ജംഷീറാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം പോലീസ് മേഖലയിലെ നൂറിലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചിരുന്നു. തുടർന്ന് പ്രതികളെപ്പറ്റി സൂചന ലഭിക്കുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ പണമിടപാടടക്കം അന്വേഷണ വിധേയമാക്കിയാണ് രണ്ടുപേരെ ഇവരുടെ താമസസ്ഥലത്തുവെച്ച് 2023 മെയ് 3 ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

രാമചന്ദ്രന്റെ പേരിൽ ഒറ്റപ്പാലത്ത് ‘കാപ്പ’ ചുമത്തിയിട്ടുണ്ട്. വധശ്രമമടക്കം നിരവധി കേസുകളിലും പ്രതിയാണ്. ജംഷീറിന്റെ പേരിലും കേസുകൾ നിലവിലുണ്ട്.പണത്തിന്റെ ഉറവിടത്തെപ്പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *