ഖാർത്തൂം : മൂന്നുദിവസത്തെ വെടിനിർത്തൽ അംഗീകരിച്ച് സുഡാൻ സൈന്യം. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് തീരുമാനം. വെടിനിർത്തലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അർധസൈനിക വിഭാഗമായ ആർഎസ്എഫിനോട് (റാപിഡ് സപ്പോർട്ട്ഫോഴ്സ്) സൈന്യം ആവശ്യപ്പെട്ടു. ഒരുവിധത്തിലുള്ള സൈനിക നീക്കങ്ങളും പാടില്ലെന്നും നിർദേശിച്ചു. 2023 ഏപ്രിൽ 18 ചൊവ്വാഴ്ച വൈകിട്ട് 24 മണിക്കൂർ വെടിനിർത്തൽ ആരംഭിച്ചെങ്കിലും മിനിറ്റുകൾക്കകം ലംഘിക്കുകയായിരുന്നു.
ആർഎസ്എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദൻ ഡഗലോ, സുഡാൻ സായുധസേന മേധാവി ജനറൽ അബ്ദൽ ഫത്താ ബുർഹൻ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫോണിൽ സംസാരിച്ചതിനുശേഷം നിലവിൽ വന്ന വെടിനിർത്തലാണു പരാജയപ്പെട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടയിൽ നാനൂറിലേറെ പേർ മരിക്കുകയും രണ്ടായിരത്തിൽപരം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനു ശമനമില്ലാത്ത സാഹചര്യത്തിൽ നഗരവാസികൾ കൂട്ടപലായനം തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ വാഹനങ്ങളിലും കാൽനടയായും നഗരം വിടുകയാണെന്നാണു റിപ്പോർട്ട്. സെൻട്രൽ ഖർത്തൂമിലെ സൈനിക ആസ്ഥാനത്തിനും വിമാനത്താവളത്തിനു സമീപവുമാണ് ഏറ്റുമുട്ടൽ രൂക്ഷം.

