കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ഘോഷയാത്രകള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പരസ്പരം പഴിചാരി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും. സ്വന്തം അവകാശവാദങ്ങള്‍ തെളിയിക്കാനായി ഇരുപക്ഷവും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കൊല്‍ക്കത്തയോടു ചേര്‍ന്നുകിടക്കുന്ന ഹൗറയിലും ഹൂഗ്ലിയിലുമാണു വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായത്. പരുക്കേറ്റവരില്‍ ബി.ജെ.പി എം.എല്‍.എ: ബിമന്‍ ഘോഷുമുണ്ട്. കല്ലേറില്‍ ഇടതുകണ്ണിനാണു ഘോഷിനു പരുക്ക്. പോലീസിനെ നിഷ്‌ക്രിയരാക്കി ആസൂത്രിത അക്രമമാണ് അരങ്ങേറിയതെന്ന് ബിമന്‍ ഘോഷ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്തു കേന്ദ്ര സായുധസേനയെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ സി.വി. ആനന്ദബോസിനയച്ച കത്തില്‍ ഘോഷ് അഭ്യര്‍ഥിച്ചു.
അക്രമങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, ഒരു യുവാവ് തോക്കുമായി നീങ്ങുന്ന വീഡിയോ പുറത്തുവിട്ടു. ജയ്ശ്രീറാം വിളികളും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന അനൗണ്‍സ്മെന്റും കേള്‍ക്കാം. എന്നാല്‍, ഈ വീഡിയോ ഹൗറയില്‍ വി.എച്ച്.പി. സംഘടിപ്പിച്ച രാമനവമി ശോഭായാത്രയില്‍നിന്നുള്ളതല്ലെന്നു ബി.ജെ.പി. പറഞ്ഞു. അഭിഷേക് ബാനര്‍ജി ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആളുകളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന ബാനര്‍ജിക്കെതിരേ കേസെടുക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. വാഹനങ്ങളടക്കം അഗ്‌നിക്കിരയാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ ഇതിനോടകം 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.




