ചാര്‍ഖി ദാദ്രി: യാചകനാണെങ്കില്‍ പോലും സ്വയം പര്യാപ്തരല്ലാത്ത ജീവിത പങ്കാളിയെ സംരക്ഷിക്കാന്‍ ഭര്‍ത്താവിന് ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹമോചന വിഷയത്തില്‍ ഭാര്യക്ക് പ്രതിമാസം 5,000 രൂപ ജീവനാംശം നല്‍കിക്കൊണ്ട് ചാര്‍ഖി ദാദ്രി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് എച്ച് എസ് മദന്റെ നിരീക്ഷണം. ഇക്കാലത്ത്, ഒരു കൂലിപ്പണിക്കാരന്‍ പോലും പ്രതിദിനം 500 രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കുന്നു. ഇവിടെ ഭര്‍ത്താവ് കഴിവുള്ള വ്യക്തിയാണെന്നും വിലക്കയറ്റത്തിന്റെ പ്രവണതയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള കാര്യങ്ങള്‍ വളരെ ചെലവേറിയതും കണക്കിലെടുത്ത് കീഴ്‌ക്കോടതി ഉത്തരവിട്ട തുക ഉയര്‍ന്നതാണെന്ന് കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ഭാര്യ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതിനൊപ്പം ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം തന്റെ ഭര്‍ത്താവില്‍ നിന്ന് 15,000 രൂപ വ്യവഹാരചെലവിന് പുറമെ പ്രതിമാസം 11,000 രൂപയും നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പ്രതിമാസം 5000 രൂപ ജീവനാംശം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. കൂടാതെ വ്യവഹാരച്ചെലവായി ഭാര്യക്ക് 5,500 രൂപയും ഒരു ഹിയറിങ്ങിന് 500 രൂപയും നല്‍കാനും കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭര്‍ത്താവ് പുനഃപരിശോധനാ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ചാണ് ജസ്റ്റിസ് മദനന്‍ ബെഞ്ചിന്റെ നിരീക്ഷണം.



