ന്യൂഡല്‍ഹി: അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ബാലന്‍ തിബത്തന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയില്‍. പരമോന്നത ആത്മീയാചാര്യനായ ദലൈലാമയാണു തെരഞ്ഞെടുപ്പു നടത്തിയത്. 10-ാമത് ഖല്‍ഖ ജെറ്റ്‌സണ്‍ ധാംപ റിന്‍പോച്ചെയായാണ് കുട്ടിയെ തെരഞ്ഞെടുത്തത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ കഴിഞ്ഞ എട്ടിനായിരുന്നു ചടങ്ങുകളെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എട്ടു വയസുകാരനാണ് ഉന്നതപദവിയിലെത്തിയത്. യു.എസില്‍ സര്‍വകലാശാലാ പ്രഫസറായ ഓള്‍ട്ടനാള്‍ ചിന്‍ചിലുമിന്റെയും മോങ്ക്‌നസന്‍ നാര്‍മഡാകിന്റെയും ഇരട്ടക്കുട്ടികളിലൊരാണു ആത്മീയ പദവിയിലേക്ക് ഉയര്‍ന്നത്. അഗിലേ, അചില്‍ടായ് എന്നീ ഇരട്ടക്കുട്ടികളിലൊരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, കുട്ടികളില്‍ ആരാണു ഖല്‍ഖ ജെറ്റ്‌സണ്‍ ധാംപ റിന്‍പോച്ചെയായതെന്നു വ്യക്തതയില്ല. ഇവരുടെ മുത്തശ്ശി ഗരാംജാവ് സെഡന്‍ മംഗോളിയന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. റിന്‍പോച്ചെയെ തെരഞ്ഞെടുത്തതറിഞ്ഞ് മംഗോളിയയില്‍ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ലാമമാരില്‍ മൂന്നാമനായുള്ള എട്ടുവയസുകാരന്റെ തെരഞ്ഞെടുപ്പ് ചൈനയെ പ്രകോപിപ്പിച്ചേക്കുമെന്ന് ആശങ്കയുണ്ട്. സ്വന്തം സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന ലാമമാരെ മാത്രമേ അംഗീകരിക്കൂയെന്നാണ് ചൈനയുടെ നിലപാട്.
തിബത്തന്‍ ബുദ്ധമതത്തിലെ രണ്ടാമതു പരമോന്നത നേതാവായ 11-ാമതു പഞ്ചെം ലാമയെ ദലൈലാമ പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനീസ് അധികൃതര്‍ അദ്ദേഹത്തെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അവരെപ്പറ്റി ഒരുവിവരവും പുറത്തുവന്നിട്ടില്ല. 1995-ലായിരുന്നു സംഭവം. അതിനുശേഷം ചൈന സ്വന്തം നിലയില്‍ പഞ്ചെം ലാമയെ പ്രഖ്യാപിക്കുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പിനുപിന്നാലെ സമാനസംഭവം ആവര്‍ത്തിക്കുമോയെന്നാണ് തിബത്തന്‍ ബുദ്ധമതാനുയായികളും ലോകവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.



