ന്യൂഡല്‍ഹി: 36 വണ്‍വെബ് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കു വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗണില്‍ ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പേടകങ്ങള്‍ വിക്ഷേപിക്കും. 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിന്യസിക്കുന്നതിനായി എല്‍.വി.എം-3 ഇന്ന് രാവിലെ 9:00 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിക്കും. വിന്യാസം യു.കെ കമ്പനിയുടെ ഗ്രഹത്തിനു ചുറ്റുമുള്ള 648 ഉപഗ്രഹങ്ങളുടെ ആദ്യസമൂഹം പൂര്‍ത്തിയാക്കും. 150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 12 തലങ്ങളിലായി തിരിച്ചാണ് വിന്യാസം. 1200 കിലോമീറ്റര്‍ ഉയരത്തിലാണിത്.
ലോകമെമ്പാടും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കാനുള്ള ഉപഗ്രഹശൃംഖലയാണ് വണ്‍വെബ്. ലോ ഏര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങളുടെ വിന്യാസം ക്രമീകരിക്കുന്നത് യു.കെ കമ്പനിയാണ്. വണ്‍വെബില്‍ ഇന്ത്യയുടെ ഭാരതി എന്റര്‍പ്രൈസസും പ്രധാന നിക്ഷേപകരാണ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള വണ്‍വെബ് ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ വിക്ഷേപണമാണിത്.

