ന്യൂഡല്‍ഹി: 2018- 2022 കാലത്ത് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വേ. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മ്മനി അടക്കമുളള രാഷ്ട്രങ്ങളാണ് ആയുധ കയറ്റുമതിയില്‍ മുന്നിലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ആഗോള ഇറക്കുമതിയുടെ 11 ശതമാനമാണ് ഇന്ത്യയുടേത്.2018 മുതല്‍ 2022 വരെയുളള കാലത്ത് റഷ്യയുടെ ആയുധ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യ ആണെന്നായിരുന്നു സര്‍വേ പറയുന്നത്. ഈ കാലയളവില്‍ റഷ്യ കയറ്റുമതി ചെയ്ത മൊത്തം ആയുധങ്ങളുടെ 31 ശതമാനവും ഇന്ത്യന്‍ വിപണിയിലേക്കായിരുന്നു. അന്താരാഷ്ട്ര ആയുധ കൈമാറ്റം സംബന്ധിച്ചുളള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കയിരിക്കുന്നത്. എന്നാല്‍ 2013 – 2017 കാലത്തെ അപേക്ഷിച്ച്, റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളില്‍ 37 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്.അതേസമയം, ഈ കാലയളവില്‍ ചൈനയ്ക്ക് റഷ്യ കൈമാറിയ ആയുധം 23 ശതമാനമാണ്. 2013 – 2017 കാലത്തില്‍ നിന്നും 37 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ യുക്രെയിനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഫലമായി ആയുധ ഇറക്കുമതിയില്‍ മൂന്നാമതാണ് യുക്രെയ്ന്‍. യുദ്ധത്തിന് മുന്‍പ് ആയുധ ഇറക്കുമതിയില്‍ 14-ാം സ്ഥാനത്തായിരുന്നു യുക്രെയ്ന്‍. അതേസമയം, ഇന്ത്യയുടെ അമിതമായ ആയുധ ഇറക്കുമതിയില്‍ റഷ്യയ്ക്ക് പുറമെ നേട്ടമുണ്ടാക്കിയിരിക്കുന്നത് ഫ്രാന്‍സാണ്. 2018 നും 2022 നും ഇടയില്‍ ഇന്ത്യയിലേക്കുളള ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരായി ഫ്രാന്‍സ് മാറിയിരിക്കുകയാണ്. അമേരിക്കയെ പുറകിലാക്കിയാണ് ഫ്രാന്‍സിന്റെ ഈ നേട്ടം.



