കാസര്‍ഗോഡ്: കര്‍ഷകരില്‍നിന്നു നാടന്‍ തോട്ടണ്ടി ആറു മുതല്‍ സംഭരിക്കുമെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ വ്യക്തമാക്കി. കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരില്‍നിന്ന് 114 രൂപ വിലയ്ക്കാണ് ഇത്തവണ നാടന്‍ തോട്ടണ്ടി സംഭരിക്കുന്നത്. തോട്ടണ്ടി സംഭരിച്ച് കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും കൊല്ലത്തുള്ള സ്ഥാപനങ്ങളില്‍ എത്തിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന കാലതാമസത്തിനിടയില്‍ വരുന്ന തൂക്കത്തിലെ വ്യത്യാസം കണക്കിലെടുത്ത് സഹകരണബാങ്കുകള്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാന്‍ ഏഴു ശതമാനംകൂടി തോട്ടണ്ടി സംഭരിക്കുന്ന സഹകരണസംഘങ്ങള്‍ക്കു നല്‍കും. ആറുമുതല്‍ ഏപ്രില്‍, മേയ് മാസങ്ങള്‍ വരെ സര്‍ക്കാര്‍ നിശ്ചയിച്ച 114 രൂപ തന്നെ കര്‍ഷകര്‍ക്കു ലഭ്യമാക്കും. നാടന്‍ തോട്ടണ്ടിയുടെ ഗുണനിലവാരം പരിശോധിച്ച് സംഭരിച്ച് നല്‍കുന്ന സംഘങ്ങള്‍ക്ക് കൃത്യമായി പണം നല്‍കും. കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും പ്രതിനിധികള്‍, സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡന്റുമാര്‍ അടങ്ങിയ സബ് കമ്മിറ്റി ജില്ലയില്‍ കശുവണ്ടി സംഭരണത്തിനു നേതൃത്വം നല്‍കും.
കശുമാവ്കൃഷി പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി അത്യുല്‍പാദനശേഷിയുള്ള കശുമാവ് തൈയും, മൂന്നുവര്‍ഷം വരെ പരിചരണത്തിന് തൈ ഒന്നിന് 60 രൂപ വീതം സഹായവും നല്‍കും. ഗുണനിലവാരത്തില്‍ ഏറ്റവും മെച്ചപ്പെട്ട കോര്‍പ്പറേഷന്റെ സി.ഡി.സി. കാഷ്യൂ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ താല്പര്യമുള്ള സഹകരണസംഘങ്ങള്‍ക്ക് വിപണന സൗകര്യങ്ങള്‍ ഒരുക്കുകയും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്യും. പഠനത്തോടൊപ്പം തൊഴില്‍ എന്ന കാഴ്ചപ്പാടോടുകൂടി മലബാര്‍ മേഖലകളിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് കാഷ്യൂ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഓര്‍ഡര്‍ ശേഖരിക്കാനായി ആകര്‍ഷകമായ ഓണറേറിയം നല്‍കും.



