റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: അപേക്ഷ നല്‍കാത്തയാള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു പണം കിട്ടിയെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ ഗുണഭോക്താവ് രംഗത്ത്.
പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രനാണു വിജിലന്‍സിനെതിരേ രംഗത്തെത്തിയത്. പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ താന്‍ അപേക്ഷ നല്‍കിയതു പ്രകാരമാണു പണം അനുവദിച്ചതെന്നു രാമചന്ദ്രന്‍ പറഞ്ഞു.

പ്രകൃതിക്ഷോഭത്തില്‍ വീടിന് കേടുപാടുണ്ടായെന്നു കാണിച്ച് രാമചന്ദ്രന് നാലു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും അനധികൃതമായി കൊടുത്തെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. രാമചന്ദ്രന്‍ അപേക്ഷ പോലും നല്‍കാതെ പണം നല്‍കിയെന്നാണ് വിജിലന്‍സിന്റെ വാദം. എന്നാല്‍, ഈ കണ്ടെത്തലുകള്‍ തെറ്റാണെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. 2021 ഒക്‌ടോബറില്‍ വീടിന്റെ അറ്റകുറ്റപ്പണിക്കായി അപേക്ഷ നല്‍കിയിരുന്നെന്ന് രാമചന്ദ്രന്‍ പറയുന്നു. വില്ലേജ് ഓഫീസര്‍ക്കു നല്‍കിയ അപേക്ഷയുടെ പകര്‍പ്പും രാമചന്ദ്രന്‍ പുറത്തുവിട്ടു. രണ്ടു ഗഡുക്കളായി നാലു ലക്ഷം രൂപയാണ് രാമചന്ദ്രന് കിട്ടിയത്. വീടിന് കേടുപാടില്ലെന്ന വിജിലന്‍സ് കണ്ടെത്തലും തെറ്റാണ്. രാമചന്ദ്രന്‍ കഴിയുന്നതു പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ള വീട്ടിലാണ്. രണ്ടു മക്കളുണ്ടെങ്കിലും വര്‍ഷങ്ങളായി ഒറ്റയ്ക്കാണു താമസം. പലവിധ രോഗങ്ങള്‍ക്കു ചികിത്സയിലാണ്. ഇക്കാര്യം കൂടി കാണിച്ചാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷ നല്‍കിയത്.
അക്കൗണ്ടില്‍ വന്ന പണത്തില്‍ മുപ്പതിനായിരത്തോളം രൂപ ചികിത്സയ്ക്കായി എടുത്തു. ബാക്കി തുക അതുപോലെയുണ്ട്. ചികിത്സയിലായിരുന്നതിനാലാണ് വീടിന്റെ അറ്റകുറ്റപ്പണി വൈകിയതെന്നും രാമചന്ദ്രന്‍ പറയുന്നു.

അതേസമയം, രാമചന്ദ്രന്‍ നല്‍കിയെന്നു പറയുന്ന അപേക്ഷ കണ്ടെത്താനായില്ലെന്നു വിജിലന്‍സ് വാദിക്കുന്നു. കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും വിജിലന്‍സ് പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും കേസെടുക്കാന്‍ ശിപാര്‍ശ ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *