റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ ലീഗ്: ഗോകുലത്തിന്റെ തിരിച്ചുവരവ്

February 16, 2023 - 2:19 pm

ജയ്പുര്‍: തുടര്‍ തോല്‍വികള്‍ക്ക് അറുതി വരുത്തി ഗോകുലം കേരളയുടെ തിരിച്ചു വരവ്. രാജസ്ഥാന്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 2-1 നാണു ഗോകുലം തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നില്‍നിന്ന ശേഷമാണു ഗോകുലം ജയിച്ചത്. സെര്‍ജിയോ മെന്‍ഡിഗുറ്റിയയുടെ ഇരട്ട ഗോളുകളാണു ഗോകുലത്തെ ജയിപ്പിച്ചത്. ഒന്‍പതാം മിനിറ്റില്‍ ബെക്തുര്‍ അമാന്‍ഗെല്‍ദീവ് രാജസ്ഥാനെ മുന്നിലെത്തിച്ചിരുന്നു. അഞ്ചു തോല്‍വികള്‍ക്ക് ശേഷമാണു അവര്‍ക്ക് ഒരു ജയം കൈയകലെയെത്തിയത്. 17 കളികളില്‍നിന്ന് 27 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ ഗോകുലത്തിനായി. 37 പോയിന്റ് വീതമുള്ള ശ്രീനിധി ഡെക്കാനും പഞ്ചാബ് എഫ്.സിയും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. 18 പോയിന്റുള്ള രാജസ്ഥാന്‍ യുണൈറ്റഡ് പത്താം സ്ഥാനത്താണ്. രാജസ്ഥാന്റെ തട്ടകത്തില്‍ തുടക്കത്തില്‍ ഗോകുലത്തിനു മികച്ച അവസരങ്ങള്‍ ലഭിച്ചു. കളിയുടെ ഗതിക്കു വിപരീതമായി ഒന്‍പതാം മിനിറ്റില്‍ സുമഷെവിന്റെ ഫ്രീകിക്കിനെ ഹെഡ് ചെയ്ത് അമാന്‍ഗെല്‍ദീവ് രാജസ്ഥാന് ലീഡ് നല്‍കി. അവസാന മിനിറ്റ് വരെ ഈ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായി. രണ്ടാം പകുതിയില്‍ പ്രതിരോധ നിരയെ മറികടന്ന് ലഭിച്ച അവസരത്തില്‍ ബോക്‌സിനുള്ളില്‍നിന്നു മെന്റിയുടെ ഷോട്ട് അകന്നു പോയി. 90-ാം മിനിറ്റില്‍ രാജസ്ഥാന്‍ ബോക്‌സിലെ ലിയാന്‍സാങയുടെ ഫൗള്‍ കളി മുഴുവന്‍ മാറ്റി. താരം ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. പെനാല്‍റ്റി എടുത്ത മെന്റിക്കു പിഴച്ചില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അവസാന നിമിഷം ഫാര്‍ഷാദ് നൂര്‍ വലത് ഭാഗത്ത്‌നിന്നു നല്‍കിയ തകര്‍പ്പന്‍ ക്രോസിന് തലവച്ചു മെന്റി വിജയ ഗോളുമടിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയതിനു പിന്നാലെ ഇരു ടീമുകളുടെയും ബെഞ്ചുകള്‍ തമ്മില്‍ കോര്‍ത്തിരുന്നു. കിഷോര്‍ ഭാരതി ക്രീരാംഗനില്‍ നടന്ന മത്സരത്തില്‍ മുഹമ്മദനോട് 2-1 നു തോറ്റതോടെ ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *