മലപ്പുറം: തെരഞ്ഞെടുപ്പ് ഫലംചോദ്യംചെയ്ത പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കെ തപാല്‍വോട്ടുപെട്ടി കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്‌ട്രോംഗ് റൂമില്‍ നിന്ന് കാണാതായ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കു മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
വോട്ട് പെട്ടി കൈമാറിയ പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, കൈപ്പറ്റിയ മലപ്പുറം സഹകരണ സംഘം ജനറല്‍ ഓഫീസിലെ മുന്‍ ജോയിന്റ് രജിസ്ട്രാര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ഏഴ് ദിവസത്തിനകം മറുപടിയാവശ്യപ്പെട്ട് ഇന്നലെ രാവിലെ നോട്ടീസ് നല്‍കിയത്. അശ്രദ്ധയെ തുടര്‍ന്ന് പെട്ടി മാറിപ്പോയെന്നാണ് സംഭവത്തെ കുറിച്ച് പ്രാഥമികാനേ്വഷണം നടത്തിയ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷിനോട് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. സബ് കലക്ടറുടെ അനേ്വഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി.എം. മുസ്തഫ നല്‍കിയ ഹര്‍ജിയില്‍ തെളിവായി സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനിടെയാണ് ഒരു പെട്ടി കാണാതായ വിവരം പുറത്തുവന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെയും പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലം തിരഞ്ഞെടുപ്പിന്റെയും ബാലറ്റുകള്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പെടെയുള്ളവ നശിപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി സബ് ട്രഷറിയില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ ശേഖരിച്ചപ്പോള്‍ അബദ്ധത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടി ഉള്‍പ്പെട്ടതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം നശിപ്പിക്കാന്‍ ഏറ്റുവാങ്ങിയ ബാലറ്റുകള്‍ നശിപ്പിക്കാന്‍ വൈകിയത് സംബന്ധിച്ച് വ്യക്തമായ മറുപടി അധികൃതര്‍ നല്‍കുന്നില്ല. ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശമനുസരിച്ചാവും തുടര്‍നടപടികളെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.



