റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.എ.ഇ. രാജകുടുംബത്തിലെ ജീവനക്കാരനെന്ന വ്യാജേന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി!

January 18, 2023 - 8:48 am

ന്യൂഡല്‍ഹി: യു.എ.ഇ. രാജകുടുംബത്തിലെ ജോലിക്കാരനെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് നാലുമാസം താമസിച്ചയാള്‍ 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങി. ലീലാ പാലസ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മുഹമ്മദ് ഷെരീഫ് എന്നയാള്‍ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. വഞ്ചനയ്ക്കും മോഷണത്തിനുമാണ് കേസ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുഹമ്മദ് ഷെരീഫ് ലീലാ പാലസ് ഹോട്ടലില്‍ മുറിയെടുത്ത്. തുടര്‍ന്ന് നവംബര്‍ 20-ന് ആരോടും പറയാതെ മുറിയൊഴിഞ്ഞു പോവുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയില്‍ ഷെരീഫിനെതിരേ കേസെടുത്തത്. യു.എ.ഇയിലാണു താമസമെന്നും അബുദബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരോടു പറഞ്ഞിരുന്നത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യയില്‍ വന്നതെന്നും പറഞ്ഞു. വിസിറ്റിങ് കാര്‍ഡും യു.എ.ഇ. റസിഡന്റ് കാര്‍ഡും മറ്റ് രേഖകളും ഹോട്ടലില്‍ നല്‍കുകയും ചെയ്തിരുന്നു. ഇവയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ, യു.എ.ഇയിലെ ജീവിതത്തെക്കുറിച്ച് ഷെരീഫ് പതിവായി ഹോട്ടല്‍ ജീവനക്കാരോട് വര്‍ണിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. മുറിയുടെ വാടകയും നാലുമാസത്തെ സര്‍വീസ് ചാര്‍ജുമുള്‍പ്പെടെ 35 ലക്ഷം രൂപയാണ് ബില്‍.
അതില്‍ 11.5 ലക്ഷം രൂപ ഷെരീഫ് അടച്ചു. 20 ലക്ഷം രൂപയുടെ ചെക്ക് ഹോട്ടലിനു നല്‍കി. നവംബറില്‍ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചു. അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ അത് മടങ്ങിയെന്നും പരാതിയില്‍ പറയുന്നു.
ബാക്കി തുക അടയ്ക്കാതെയാണ് ഷെരീഫ് മുറിയൊഴിഞ്ഞു പോയത്. പ്രതിയെ തിരിച്ചറിയുന്നതിനായി ഡല്‍ഹി പോലീസ് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ലൊക്കേഷന്‍ കണ്ടെത്താന്‍ ഷെരീഫിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തതാണ് സിം. അതുകൊണ്ടുതന്നെ, ഷെരീഫ് ബംഗളുരുവിലേക്കു കടന്നിരിക്കാനുള്ള സാധ്യത അന്വേഷസംഘം തള്ളിക്കളയുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *