കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി ഹർഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് ഹർഷിനയുടെ തീരുമാനം.
2022 സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. സംഭവം വാർത്തയായതോടെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് വിശദമായ മൊഴിയുൾപ്പെടെ രേഖപ്പെടുത്തിയത്. പക്ഷേ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
കഴിഞ്ഞ ഡിസംബറിൽആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ തേടിയ ഹർഷിന ആശുപത്രിയിൽ വെച്ച് പ്രതിഷേധം ഉയർത്തിയതോടെ വീണ്ടും ആരോഗ്യ വകുപ്പ് ഇടപെട്ടു. ആദ്യ അന്വേഷണത്തിൽ വ്യക്തതയില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തി എത്രയും വേഗം നീതി ഉറപ്പാക്കും എന്ന് ആരോഗ്യമന്ത്രി തന്നെ ഹർഷിനയ്ക്ക് ഉറപ്പും നൽകി. എന്നാൽ രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോൺ കോൾ പോലും പിന്നീട് ഉണ്ടായില്ലെന്നാണ് ഹർഷിന പറയുന്നത്. പിഴവിന് കാരണക്കാരയവരെ രക്ഷിക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്നും ഹർഷിന പറയുന്നു.
