‘മുഖ്യമന്ത്രിക്കുപ്പായ’ വിവാദം : രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എം.പി
കണ്ണൂർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും കെ. മുരളീധരൻ എം.പി. പാർട്ടിയിൽ ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോൺഗ്രസിന്റെ നേതാവാണ്, എം.പിയാണ്. അദ്ദേഹത്തിന് പാർട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല.
പാർട്ടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സിയെ അറിയിക്കണം എന്ന നിർദേശം എല്ലാവർക്കും കൊടുത്തിട്ടുണ്ട്, എനിക്കുൾപ്പെടെ. അതിൽക്കൂടുതൽ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പം- മുരളീധരൻ ആരാഞ്ഞു.
അങ്ങനെ പ്രത്യേകിച്ച് കുപ്പായമുണ്ടോ മുഖ്യമന്ത്രിക്ക്? മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, തലേന്നൊക്കെ ഇട്ട ഡ്രസ് ഒന്ന് അലക്കിയിട്ടാണ് സാധാരണ ചെയ്യാറ്. മുൻപ് ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടാണ് സത്യപ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നതെന്ന് കേട്ടിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. പക്ഷേ ഇപ്പോൾ അതൊന്നുമില്ല, ജനാധിപത്യമല്ലേ- അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആരെങ്കിലും കോട്ട് തയ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അത് ഊരിവെച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. നാലുവർഷം കഴിഞ്ഞ് ഞാൻ ഇന്നതാകുമെന്ന് ഇപ്പോൾ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.



