കടുവയുടെ അപ്രതീക്ഷിത സാന്നിധ്യം: തൊണ്ടര്‍നാട്ടില്‍ ഭീതി; സംഘര്‍ഷം

മാനന്തവാടി: വയലില്‍ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് എന്ന സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെയാണ് നാട്ടുകാര്‍ക്ക് പ്രചരിച്ച വാര്‍ത്ത യാഥാര്‍ഥ്യമാണെന്നു ബോധ്യമായത്. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് ഇന്നലെ രാവിലെ കടുവയിറങ്ങിയത്. പരുക്കേറ്റ തോമസിനെ ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണ് കടുവയുടെ കാല്‍പ്പാടുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചത്. വെണ്‍മണിയിലും പാലോട്ടും തൊട്ടടുത്ത പ്രദേശങ്ങളിലെ വയലുകളിലും ഇതേ കാല്‍പ്പാടുകള്‍ കണ്ടെത്തുകയുണ്ടായി. ഇതെല്ലാം ഒരേ കടുവയുടെതു തന്നെയാണെന്ന് പിന്നീട് വനംവകുപ്പ് സ്ഥിരീകരിച്ചു.

12ന് രാവിലെ 9.30നാണ് നടുപ്പറമ്പില്‍ ലിസി വാഴത്തോട്ടത്തിനു സമീപം കടുവയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത ആലക്കല്‍ ജോമോന്റെ വയലിലും കണ്ടത്തി. ഇതിനിടെ വനം വകുപ്പിനെ വിവരമറിയിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 10 മണിയോടെയാണ് പ്രദേശവാസിയായ സാലു എന്നു വിളിക്കുന്ന പള്ളിപ്പുറത്ത് തോമസിനു നേരെ കടുവയുടെ ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയശേഷം നാട്ടുകാര്‍ വനം വകുപ്പുദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായി. ആവശ്യത്തിനു സജ്ജീകരണങ്ങളോ ആള്‍ബലമോയില്ലാതെ കടുവയെ കണ്ടെത്താനെത്തിയതിനെതിരേയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് വനം വകുപ്പ് ആര്‍.ആര്‍.ടി. ഉള്‍പ്പെടെ കൂടുതല്‍ സംഘവും തൊണ്ടര്‍നാട് പോലീസും റവന്യുവകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധകളും സ്ഥലത്തെത്തി വിശദമായ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പരുക്കേറ്റ തോമസ് വൈകുന്നേരത്തോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതരായി. വനംവകുപ്പ് നടപടികള്‍ ഇഴയുകയാണെന്നും ഇതുവരെയും യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയില്ലെന്നും ആരോപിച്ചായിരുന്നു വനം വകുപ്പുദ്യോഗസ്ഥരെ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു നാട്ടുകാരെത്തിയത്. തുടര്‍ന്ന് കടുവയെ അകലെ നിന്നു ലൊക്കേറ്റ് ചെയ്തതായും രാത്രിയോടെ കൂടുകള്‍ സ്ഥാപിച്ച് പിടികൂടാനാവശ്യമായ നടപടികളെടുക്കുമെന്നും ഉറപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →