ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചർച്ച ചെയ്യാൻ ഉടൻ സിപിഎമ്മിന്റെ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ഷാനവാസിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. 2023 ജനുവരി 9ന് വൈകിട്ട് ചേർന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തിൽ നേരിട്ട് ഹാജരായി കൗൺസിലർ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.
കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് രണ്ട് ലോറികളലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായി. സിപിഎം സംസ്ഥാന നേതൃത്വം ഇത് ഗൗരവമായെടുത്തു. 09/01/2023 നിശ്ചയിച്ച ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി യോഗത്തില് പങ്കെടുക്കാനും ഷാനവാസിൻറെ വിശദീകരണം തേടാനും ജില്ലാ സെക്രട്ടറി ആർ നാസറിനോട് നേതൃത്വം ആവശ്യപ്പെട്ടു.
