തൃശൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) അടക്കം കോടികൾ ചെലവു വരുന്ന അപൂർവ രോഗ ചികിത്സയ്ക്കുള്ള സെന്റർ ഓഫ് എക്സലൻസ് (സിഒഇ ഫോർ റെയർ ഡിസീസ്) കേരളത്തിലും അനുവദിച്ചു. തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയാണ് (എസ്എടി) കേന്ദ്രസർക്കാർ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചത്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) അടക്കം അപൂർവരോഗ ബാധിതർക്കു പരമാവധി 50 ലക്ഷം രൂപയുടെ ഒറ്റത്തവണ ചികിത്സാ സഹായം ലഭിക്കുമെന്നതാണു പ്രത്യേകത.
അപൂർവരോഗികളുടെ രക്ഷിതാക്കൾ സംസ്ഥാന സർക്കാർ വഴിനടത്തിയ നീക്കമാണു ഫലം കണ്ടത്. എസ്എംഎ കൂടാതെ, മസ്കുലർ ഡിസ്ട്രോഫി, ഗോഷേർസ് ഡിസീസ്, പോംപെ ഡിസീസ്, ലൈസോസോമൽ സ്റ്റോറേജ് ഡിസോർഡേഴ്സ്, ഫാൻകോണി അനീമിയ തുടങ്ങി നൂറോളം അപൂർവ രോഗങ്ങൾ സെന്റർ ഓഫ് എക്സലൻസിന്റെ അപൂർവരോഗ ചികിത്സാ സഹായ പദ്ധതിയിലുണ്ട്. ഇന്ത്യയിൽ ആദ്യത്തെ എസ്എംഎ മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കും (വിവിധങ്ങളായ ബുദ്ധിമുട്ടുകൾക്കു ചികിത്സ ഒരു ക്ലിനിക്കിൽ ലഭ്യമാക്കൽ) എസ്എടിയിലുണ്ട്.
.എസ്എടിയിൽ ചികിത്സയ്ക്കെത്തുന്ന രോഗിയുടെ രക്ഷിതാക്കൾ പ്രത്യേകം ഫോമിൽ ഡോക്ടറുടെ കുറിപ്പും ഒപ്പും സഹിതം അപേക്ഷ നൽകണം. ആശുപത്രിയിലെ നോഡൽ ഓഫിസറും ‘റെയർ ഡിസീസ് കമ്മിറ്റി’യും ഇതു പരിശോധിക്കും. നാലാഴ്ചയ്ക്കുള്ളിൽ ചികിത്സയ്ക്കും ഫണ്ട് നൽകുന്നതിനുമുള്ള തീരുമാനമെടുത്ത് രേഖകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ അപൂർവരോഗങ്ങളുടെ വിഭാഗം കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറിക്ക് സമർപ്പിക്കും
