കല്‍പ്പറ്റ: ഈയിടെയായി താമരശ്ശേരി ചുരത്തില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്രകളാണ്. ലോറികളടക്കമുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ബസുകള്‍ റോഡില്‍ കുടുങ്ങുന്നതും പതിവായതോടെ മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കിനാണ് ചുരം സാക്ഷിയാകുന്നത്. ഇതുകാരണം വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് പായുന്ന ആംബുലന്‍സുകള്‍ പോലും വാഹനത്തിരക്കില്‍ കുടുങ്ങുന്നത് നിത്യസംഭവമായി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശ്ശേരി പൊലീസും സ്ഥിരമായി ചുരത്തില്‍ തങ്ങി ഗതാഗതകുരുക്ക് ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴാം വളവില്‍ കെ എസ് ആര്‍ ടി സിയുടെ മള്‍ട്ടി ആക്‌സില്‍ ബസ് കുടുങ്ങിയത് മൂന്ന് മണിക്കൂറോളം നീണ്ട ഗതാഗതകുരുക്കിനാണ് വഴിവെച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞ് കെ എസ് ആര്‍ ടി സിയുടെ മെക്കാനിക്ക് എത്തിയാണ് ബസ് റോഡിന്റെ വശത്തേക്ക് മാറ്റിയത്. ചുരത്തില്‍ വാഹനം കൈകാര്യം ചെയ്യാന്‍ അറിയുന്നവരും മെക്കാനിക് ജോലികള്‍ അറിയുന്നവരും ഉണ്ടാകുമെങ്കിലും കെ എസ് ആര്‍ ടി സി ബസുകള്‍ മാറ്റിയിടാന്‍ ഡിപ്പോയില്‍ നിന്ന് ജോലിക്കാര്‍ എത്തുന്നത് വരെ കാത്തിരിക്കാറാണ് പതിവ്. മള്‍ട്ടി ആക്‌സില്‍ ബസുകള്‍ പോലെയുള്ള വലിയ സര്‍ക്കാര്‍ വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിയാല്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റാന്‍ കഴിയില്ല. കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം അനുമതി ലഭിച്ചെങ്കില്‍ മാത്രമെ ഇത്തരത്തില്‍ വാഹനം മാറ്റാന്‍ സാധിക്കാറുള്ളൂ.
ദിവസങ്ങള്‍ക്ക് മുമ്പ് ഗതാഗത തടസ്സത്തിന് കാരണമായ വോള്‍വോ ബസ് 26/12/22 രാവിലെ പതിനൊന്നോടെ റോഡരികിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും ചുരത്തിന് മുകളില്‍ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. സമീപകാലത്തായി ചുരത്തിലുണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കായിരുന്നു ഇത്. നിലവില്‍ ചുരം റോഡില്‍ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. വിദേശത്തേക്കും മറ്റും പോകുന്നവര്‍ ഗതാഗതക്കുരുക്ക് മറികടക്കാന്‍ ഒരു ദിവസം മുന്നേ പോകേണ്ട സാഹചര്യമാണ്. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് പതിവായതോടെ സമയത്തിനെത്താനാവാതെ ട്രെയിന്‍ യാത്രക്കാരും ദുരിതത്തിലാകുന്നു.
