റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തിലെ വ്യവസ്ഥ റദ്ദ് ചെയ്ത് കേരള ഹൈക്കോടതി

December 10, 2022 - 8:30 pm

എറണാകുളം: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് മുമ്പായി ദമ്പതികള്‍ ഒരു വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തിലെ വ്യവസ്ഥ റദ്ദ് ചെയ്ത് കേരള ഹൈക്കോടതി. ഹിന്ദു വിവാഹാനിയമം, സ്പെഷല്‍ മേരേജ് ആക്റ്റ് എന്നിവയിലെ വിവാഹമോചന വ്യവസ്ഥയില്‍ ഉള്ളത് പോലെ പ്രത്യേക സഹാചര്യത്തില്‍ ഒരു വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന വ്യവസ്ഥ ക്രിസ്ത്യന്‍ വിവാഹമോചനത്തിനും വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നായിരുന്നു 1869ലെ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്ക് ബാധകമയുള്ള വിവാഹ മോചന നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ 2010ല്‍ ഹൈക്കോടതി ഇത് ഒരു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.2022 ജനുവരിയില്‍ വിവാഹിതരായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി ഇവര്‍ കുടുംബകോടതിയെ സമീപിക്കുന്നത്. എന്നാല്‍ 1869ല്‍ വിവാഹ മോചന നിയമത്തിലെ സെക്ഷന്‍ 10എ അനുസരിച്ചുള്ള വ്യവസ്ഥ ചൂണ്ടി കാണിച്ച് കുടുംബ കോടതി ഹര്‍ജി നിരസിക്കുകയായിരുന്നു.തുടര്‍ന്നാണ് ഇവര്‍ ഈ വ്യവസ്ഥ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. 1869ലെ വിവാഹ മോചനം നിയമം ബാധകമായവര്‍ക്ക് ഒരു വര്‍ഷം വേര്‍പെട്ട് ജീവിക്കുന്നതിന് മുമ്പായി കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നതിന് അനുമതി നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അപേക്ഷ ഉടന്‍ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കണമെന്ന് കുടുംബ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. വിവാഹ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *