റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മത്സ്യോത്സവം 2022 നവംബർ 18 ന് തുടക്കം

November 18, 2022 - 11:25 am

തിരുവനന്തപുരം: ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നവംബർ18ന് തുടക്കമാകുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. 2022 നവംബര്‍ 18 മുതല്‍ 21 വരെയാണ് മേള നടക്കുന്നത്. മത്സ്യബന്ധനത്തില്‍ നിന്ന് ലാഭകരവും സുസ്ഥിരവുമായ ഉപജീവനത്തിനായി മത്സ്യതൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും നവംബര്‍ 21 ലോക മത്സ്യബന്ധനദിനമായി ആചരിക്കുന്നു.

നേരിട്ടും അല്ലാതെയും മല്‍സ്യബന്ധവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവരെയും ഈ ദിനം പ്രതിനിധീകരിക്കുന്നു. 2022 പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, മത്സ്യമേഖലയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവര്‍ മുഖേന നടപ്പിലാക്കുന്ന പ്രധാനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരുപൊതുവേദിയെന്ന നിലയിലാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നത്.

ഏകദേശം 50000 ചതുരശ്ര അടി സ്ഥല വിസ്തീര്‍ണ്ണത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ കേന്ദ്ര വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ മുതലായവയുടെ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി നോര്‍വെയുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് മത്സ്യോത്സവത്തില്‍ ചര്‍ച്ചകള്‍ നടക്കും. മണ്ണെണ്ണ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനും യാനങ്ങളില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്ന സാഹചര്യവും ചര്‍ച്ച ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *