തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്കു പിന്നാലെ ഫിഷറീസ് സർവകലാശാലാ വൈസ് ചാൻസലറെക്കൂടി കോടതി പുറത്താക്കിയത് ഇതേ പ്രശ്നത്തിൽ സർക്കാരുമായി ഏറ്റുമുട്ടുന്ന ഗവർണറുടെ പോരാട്ടങ്ങൾക്ക് ഊർജം പകരും. സമാന കാരണത്തിനാണ് മറ്റ് ഒമ്പത് വി.സി.മാർക്ക് ഗവർണർ നോട്ടീസ് നൽകിയത്.വി.സി. നിയമനത്തിനായി പാനലിനുപകരം ഒറ്റപ്പേര് മാത്രമേ നിർദേശിച്ചുള്ളൂവെന്നതാണ് യു.ജി.സി. മാനദണ്ഡം ലംഘിച്ചതിന്റെ പ്രധാന കാരണമായി ഹൈക്കോടതിയും സുപ്രീംകോടതിയും കാണുന്നത്. സാങ്കേതിക, ഫിഷറീസ് സർവകലാശാലകളിലെന്ന പോലെ മറ്റ് ഒമ്പത് സർവകലാശാലകളിലും ഒറ്റപ്പേര് മാത്രമാണ് ഗവർണർക്കുമുമ്പിൽ എത്തിയത്.
സാങ്കേതിക സർവകലാശാലയിൽ ഇതേ കാരണം ചൂണ്ടിക്കാട്ടി, വി.സി. നിയമനം നടന്നപ്പോൾത്തന്നെ അസാധുവാണെന്ന നിർണായകമായ വിധിയാണ് സുപ്രീംകോടതി നൽകിയത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സർവകലാശാലകളെ വി.സി.മാരോട് ആദ്യം രാജിവെക്കാനും അവർ വിസമ്മതിച്ചപ്പോൾ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കാനും ആവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയത്.
.നോട്ടീസിന് വി.സി.മാർ മറുപടി നൽകുകയും സമാന്തരമായി കോടതിയെ സമീപിക്കുകയും ചെയ്തു. തത്കാലം വിസി.മാരെ പിരിച്ചുവിടുന്നത് തടഞ്ഞ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് െവച്ചിരിക്കയാണ്. നോട്ടീസിന് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാൻ ചാൻസലറെന്ന നിലയിൽ അനുവദിക്കണമെന്നായിരിക്കും ഗവർണർ ആവശ്യപ്പെടുക.
അതത് സർവകലാശാലാ നിയമമനുസരിച്ചാണ് നിയമിതരായതെന്നും വി.സി.യെ പുറത്താക്കാനുള്ള വ്യവസ്ഥകൾ ഒന്നും ഗവർണർ പാലിച്ചിട്ടില്ലെന്നുമാണ് മറുവാദം. എന്നാൽ, സുപ്രീം കോടതിവിധിയുടെ ചുവടുപിടിച്ചുള്ള ഹൈക്കോടതിയുടെ വിധി കൂടി വന്നതോടെ ഒമ്പത് സർവകലാശാലയിലെയും വി.സി. നിയമനം പ്രതിസന്ധി നേരിടുകയാണ്.
ഫീഷറീസ് സർവകലാശാലാ വി.സി.നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഉപരി കോടതിയെ സമീപിക്കുന്നതിന് സ്റ്റേ അനുവദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സാങ്കേതിക സർവകലാശാലയിലെ സുപ്രീംകോടതി വിധി മുന്നിൽ നിൽക്കുമ്പോൾ നിയമം ലംഘിച്ച് നിയമിതരായവർ പുറത്തുതന്നെയെന്ന സന്ദേശമാണ് ഹൈക്കോടതി നൽകിയത്.
ഫിഷറീസ് സർവകലാശാലയിലെ വി.സി. നിർണയസമിതിയിൽ യു.ജി.സി. പ്രതിനിധിക്കുപകരം കാർഷിക ഗവേഷണ കൗൺസിലിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയതും ഹൈ കോടതി നിയമവിരുദ്ധമായി കണ്ടു. ഇതേപ്രശ്നം വെറ്ററിനറി സർവകലാശാലയിലും ഉയരുന്നുണ്ട്



