കൊച്ചി: കോട്ടയം മെഡിക്കല്‍ കോളജിന് അടുത്ത് അമ്മഞ്ചേരി കവലയില്‍ നിന്ന് കാരിത്താസ് ജംഗ്ഷനിലേക്ക് പോകുന്ന വഴിയിയിലുള്ള റെയില്‍വേ ലെവല്‍ ക്രോസ് യാത്രാ യോഗ്യമാക്കുവാന്‍ വേണ്ടി, റെയില്‍വേ നിര്‍മിച്ച മേല്‍പ്പാലത്തിന്റെ പണി തീര്‍ന്നിട്ട് ഏതാണ്ട് നാലു വര്‍ഷമായെങ്കിലും, അപ്രോച്ച് റോഡുണ്ടാക്കാന്‍ കേരള സര്‍ക്കാരിന് ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
കോട്ടയത്തു മാത്രമല്ല, എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയിലും ഇതുപോലെ തന്നെ ഒരു റെയില്‍വേ മേല്‍പ്പാലം പണിതീര്‍ത്തിട്ട് ആകാശത്തില്‍ തങ്ങി നില്‍ക്കുകയാണ്. അവിടെയും കേരള സര്‍ക്കാര്‍ അപ്പ്രോച്ച് റോഡ് ഉണ്ടാക്കുന്നില്ല. നാലുവര്‍ഷം ആയിട്ടും പാലം ആകാശത്തില്‍ നില്‍ക്കുന്നു.
ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ വളരെയധികം മേല്‍പ്പാലങ്ങള്‍ ഇനിയും ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഈ രീതി തുടര്‍ന്നാല്‍ പുതിയ മേല്‍പ്പാലങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുവദിച്ചു കിട്ടുമോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തോമസ് പറഞ്ഞു. 06/11/2022 കോട്ടയം ജില്ലയിലെ അമ്മഞ്ചേരി പാലത്തിന് സമീപം നടക്കുന്ന ജനകീയ സമരം വന്‍ വിജയമാക്കണമെന്ന് തോമസ് അഭ്യര്‍ത്ഥിച്ചു.

