ക്രമസമാധാന സേനകൾക്ക് പൊതുരൂപം നൽകണം : പ്രധാനമന്ത്രി നരേന്ദ്രമോദി

ഹരിയാന : യൂണിഫോം വഴി സംസ്ഥാനങ്ങളിലെ ക്രമസമാധാന സേനകൾക്ക് പൊതുരൂപം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിറിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. .പൊതു യൂണിഫോം നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങൾക്ക് സ്വന്തമായി നമ്പറോ ചിഹ്നമോ പതിക്കാം. പൊതു യൂണിഫോം വന്നാൽ അതിന്റെ നിർമ്മാണത്തിലൂടെ വൻ തോതിൽ തൊഴിലവസരവുമുണ്ടാകും. ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും സംസ്ഥാനങ്ങളുടെ സമ്മതത്തോടെയേ നടപ്പാക്കൂവെന്നും മോദി പറഞ്ഞു.

ക്രമസമാധാനം സംസ്ഥാന വിഷയമായതിനാൽ കേന്ദ്രസർക്കാരിന് ഒറ്റയ്‌ക്ക് തീരുമാനമെടുക്കാനാകില്ല. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനം വേണം. അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് തടയാൻ സംസ്ഥാനങ്ങളുടെ സഹായവും മോദി തേടി.

കേന്ദ്ര നിയമങ്ങൾ അഴിമതിയും ഭീകരതയും ഹവാലയും കൈകാര്യം ചെയ്യാൻ പര്യാപ്‌തമാണ്. യു.എ.പി.എ പോലുള്ളവ ഭീകരതയ്‌ക്കെതിരെ നിർണായകമായി. കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സംസ്ഥാന ആഭ്യന്തര മന്ത്രിമാർ, ആഭ്യന്തര സെക്രട്ടറിമാർ, ഡി.ജി.പിമാർ, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് , സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ എന്നിവയുടെ ഡയറക്ടർ ജനറൽമാർ തുടങ്ങിയവർ ചിന്തൻ ശിബിറി‌ൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ആദ്യ ദിവസം പങ്കെടുത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സമാപന ദിവസം വന്നില്ല .

5ജി പ്രയോജനപ്പെടുത്തണം,​സൈബർ ക്രൈം തടയണം* മുഖം തിരിച്ചറിയൽ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ, ഡ്രോൺ, സി.സി.ടി.വി തുടങ്ങിയ മേഖലകളിൽ 5ജി ഉപയോഗിക്കാം* സൈബർ കുറ്റകൃത്യങ്ങളും ആയുധങ്ങളും മയക്കുമരുന്നും കടത്താൻ ഡ്രോൺ ഉപയോഗിക്കുന്നതും തട‍ഞ്ഞേ തീരൂ* പൊലീസ് കുറ്റവാളികളെക്കാൾ 10 ചുവട് മുന്നിലാകണം. പൊലീസ് ആധുനികമാകുമ്പോൾ കുറ്റവാളികളും മാറും* പൗരൻമാരുടെ സുരക്ഷിതത്വം പ്രധാനമായതിനാൽ ബഡ്‌ജറ്റിന്റെ പരിമിതികൾ തടസമാകരുത്* പൊളിക്കൽ നയം ഉപയോഗപ്പെടുത്തി പൊലീസ് സേനയുടെ പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങണം* ഗാന്ധിനഗറിലെ ദേശീയ ഫോറൻസിക് സയൻസസ് സർവകലാശാലയെ പൂർണമായി പ്രയോജനപ്പെടുത്തണം* സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കാൻ ജനങ്ങളെ ബോധവവത്കരിക്കണം* ഭാവി തലമുറയെ ബൗദ്ധികമായി സ്വാധീനിക്കാനുള്ള നക്‌സലുകളുടെ നീക്കം തടയണം. അവർക്ക് അന്താരാഷ്ട്ര സഹായമുണ്ട്

Share
അഭിപ്രായം എഴുതാം