റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളാ വനിതാ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഗോകുലം കേരള എഫ്.സി ഫൈനലില്‍

October 14, 2022 - 10:58 am

കോഴിക്കോട്: കേരളാ വനിതാ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഗോകുലം കേരള എഫ്.സിയും ലോഡ്‌സ് എഫ്.എ. കൊച്ചിയും തമ്മില്‍ ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം 6-2 നു കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ഗോകുലത്തിനായി വിവിയന്‍ കൊനേരു അഡ്ജ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകളടിച്ചു. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. കളിയുടെ തുടക്കത്തില്‍ ഗോകുലം ആക്രമിച്ച് കളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കരുത്തുകാട്ടി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ പന്തുമായി ഒറ്റയ്ക്ക് കയറിയ വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ നിസരിയും ചേര്‍ന്ന് തടഞ്ഞു.

പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സുനിതയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. മധ്യവരയ്ക്കിപ്പുറത്ത്‌നിന്ന് പന്തുമായി മുന്നേറിയ സുനിത ഗോകുലത്തിന്റെ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിനുള്ളില്‍ കയറി വലയുടെ വലതുമൂലയിലേക്ക് തട്ടിയിട്ടു. പിന്നാലെ വിവിയന്റെ ഫ്രീകിക്ക് നിസരി കൈയിലൊതുക്കി. ഗോകുലം തുടര്‍ന്നും ആക്രമിച്ചു കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 28-ാം മിനിറ്റില്‍ ഗോകുലം തിരച്ചടിച്ചു. വിവിയന്‍ ബോക്‌സില്‍ വച്ച് നിസരിയുടെ തലയ്ക്ക് മുകളിലുടെ പന്ത് ഗോളിലേക്കു ചെത്തിയിട്ടു. രണ്ട് മിനിറ്റിനുള്ളില്‍ ഗോകുലം ലീഡും നേടി. വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ബോക്‌സില്‍ വീഴ്ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത വിവിയന് പിഴച്ചില്ല.

37-ാം മിനിറ്റില്‍ ഫ്രീ കിക്ക് ഗോളാക്കി ഗോകുലം മുന്നേറി. രത്‌നബാലയുടെ ക്രോസിനു കാലുവച്ച സൗമ്യക്കു പിഴച്ചില്ല. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു മികച്ച നല്ല തുടക്കമായിരുന്നു. വിവിയന്റെ ഫ്രീകിക്ക് നിസരിയുടെ കൈയിലൊതുങ്ങാതെ വലയില്‍. ഓഫ്‌സൈഡ് ആയതിനാല്‍ ഗോള്‍ അനുവദിച്ചില്ല. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസരം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. മാളവികയുടെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ഗോകുലം ബോക്‌സില്‍ കയറിയിറങ്ങി. 62-ാം മിനിറ്റില്‍ ശ്രമങ്ങള്‍ക്കു ഫലംകിട്ടി. പന്ത് നിയന്ത്രിച്ച് ബോക്‌സിലെത്തിയ അപുര്‍ണ തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. വേഗത്തില്‍ തന്നെ ഗോകുലം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കിനു തലവച്ച് രത്‌നബാല ലീഡുയര്‍ത്തി.

77-ാം മിനിറ്റില്‍ വിവിയന്റെ മറ്റൊരു ഗോളില്‍ ഗോകുലം ബഹുദൂരം മുന്നിലായി. സൗമ്യ നല്‍കിയ ലോങ് പാസുമായി മുന്നേറിയ വിവിയനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞില്ല. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ വിവിയന്‍ തന്റെ നാലാമത്തെ ഗോളിലൂടെ ഗോകുലത്തിന്റെ ജയം ഉറപ്പാക്കി. ജയത്തോടെ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഗോകുലം 27 പോയിന്റ് നേടി. ബ്ലാസ്‌റ്റേഴ്‌സിനും ലോഡ്‌സ് എഫ്.എക്കും 22 പോയിന്റ് വീതമായിരുന്നു. ഗോള്‍ ശരാശരിയില്‍ മുന്നിട്ടു നില്‍ക്കുന്ന ലോഡ്‌സ് ഫൈനലില്‍ കടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *