വാഷിങ്ടണ്‍: മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോങ് ഐലന്‍ഡിലെ നസാവു കൗണ്ടിയിലാണ് മലിനജലത്തിലെ സാമ്പിളുകളില്‍ പോളിയോ വൈറസിനെ കണ്ടെത്തിയത്.വൈറസിന്റെ വ്യാപനം തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും വാക്സിനേഷന്‍ വര്‍ധിപ്പിക്കാനുമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഫിസിഷ്യന്‍മാര്‍, അടിയന്തര ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരെ വാക്സിനേഷന്‍ പ്രക്രിയയിലേക്കു നിയോഗിച്ച് ഗവര്‍ണര്‍ കാത്തി ഹോചുള്‍ ഉത്തരവ് പുറപ്പെടുവിച്ചു. പോളിയോ വാക്സിന്‍ സ്വീകരിക്കാത്തവര്‍ അടിയന്തരമായി വാക്സിന്‍ സ്വീകരിക്കണമെന്ന് ഹെല്‍ത്ത് കമ്മിഷണര്‍ മേരി ബാസറ്റ് നിര്‍ദേശം നല്‍കി. അടുത്തിടെ പോളിയോ ബാധിതരായ ആളുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കമുണ്ടായ ശുചീകരണത്തൊഴിലാളികള്‍ക്കും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു. രാജ്യാന്തര തലത്തില്‍ നടത്തിയ വാക്സിനേഷന്‍ യജ്ഞത്തെ തുടര്‍ന്നു ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും പോളിയോ മുക്തമാണ്. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണു രോഗം പടരുന്നത്. ഈ രാജ്യങ്ങളിലെ തീവ്രവാദി സംഘടനകള്‍ വാക്സിനേഷനെ എതിര്‍ക്കുകയാണ്.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

