റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക: ചൈനീസ് കപ്പല്‍ ലങ്കന്‍ തീരമണയും

August 17, 2022 - 9:09 am

കൊളംബോ: കടക്കെണിയില്‍ കുടുക്കിയ ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ ”യുവാന്‍ വാങ് 5” തീരത്തടുക്കാനുള്ള അവസാന ഉത്തരവും ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കി. 16/08/22 പുലര്‍ച്ചെ നാലു മണിക്കാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. െവെകാതെ കപ്പല്‍ ഹമ്പന്‍തോഡ തുറമുഖത്തെത്തി. ഈ മാസം 21 വരെ കപ്പല്‍ ഇവിടെ തുടരും.

കടക്കെണിയില്‍ കുടുങ്ങിയ ശ്രീലങ്കയെ കരകയറ്റാന്‍ മുന്നില്‍നിന്ന ഇന്ത്യക്കുള്ള കനത്ത തിരിച്ചടിയാണു ലങ്കയുടെ ചുവടുമാറ്റം. ”യുവാന്‍ വാങ് 5” കഴിഞ്ഞ 11 മുതല്‍ 17 വരെ ഹമ്പന്‍തോഡയില്‍ നങ്കൂരമിടുമെന്നായിരുന്നു ചൈന അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയുടെ സുരക്ഷാ ആശങ്ക പരിഗണിച്ചു ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ, ശ്രീലങ്കന്‍ മുന്‍മന്ത്രിയും നാവികസേനാ മുന്‍ മേധാവിയുമായ റിയര്‍ അഡ്മിറല്‍ ശരത് വീരശേഖരയെ ചൈന രംഗത്തിറക്കുകയായിരുന്നു. അധികാരത്തിനു പുറത്തായ രാജപക്ഷെ കുടുംബത്തിന്റെ പിന്തുണയോടെയാണ് അദ്ദേഹം ചൈനയുടെ നീക്കം വിജയിപ്പിച്ചെടുത്തത്.

കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന ലങ്കന്‍ ഭരണകൂടത്തിന്റെ നിലപാടിനെ വീരശേഖര പരസ്യമായി ചോദ്യം ചെയ്തു. ഇന്ത്യയുടെ ആശങ്കകളെ തള്ളിയ വീരശേഖര, ചൈനയ്ക്ക് അനുകൂലമായി പ്രസിഡന്റ്, പ്രധാനമന്ത്രി, മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ എന്നിവരെ കണ്ടു. ഒപ്പം ചൈന നിലപാട് കടുപ്പിക്കുയും ചെയ്തതോടെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ചുവടുമാറ്റം പൂര്‍ണമായി.ചൈനയുടെ കടുത്ത സമ്മര്‍ദത്തിനൊടുവില്‍ ശ്രീലങ്കയില്‍നിന്ന്‌ ചൈന 99 വര്‍ഷത്തേയ്ക്കു പാട്ടത്തിനെടുത്തതാണു ഹമ്പന്‍തോഡ തുറമുഖം.

ഉപഗ്രഹങ്ങളെയും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകളെയും നിരീക്ഷാന്‍ സംവിധാനങ്ങളുള്ള അത്യാധുനിക നിരീക്ഷണക്കപ്പലായ ”യുവാന്‍ വാങ് 5” ആണ് സമുദ്ര ഗവേഷണത്തിന്റെ മറവില്‍ ഹമ്പന്‍തോഡയില്‍ എത്തിയിരിക്കുന്നത്.
ഹമ്പന്‍തോഡയിലേക്കുള്ള കപ്പലിന്റെ യാത്ര ലങ്കയോട് ആലോചിക്കാതെ ചൈനയാണു പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ത്യ എതിര്‍പ്പറിയച്ചതോടെ കപ്പലിന്റെ സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അഭ്യര്‍ഥിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ലഭിക്കാനുള്ള ലോക ബാങ്ക് വായ്പയെ മറയാക്കിയായിരുന്നു ചൈനയുടെ നീക്കം. ഇതോടെ ലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ചൈനയ്ക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ശ്രീലങ്കന്‍ നയതന്ത്രജ്ഞരുടെ അഭിപ്രായത്തില്‍ കഴിഞ്ഞ ദശകം മുതല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ (ഐ.ഒ.ആര്‍.) ചൈനീസ് ചാരക്കപ്പലുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചു. 2020 മുതല്‍ ഗവേഷണ കപ്പലുകളുടെ മറവില്‍ 53 ചൈനീസ് കപ്പലുകള്‍ ഈ മേഖലയില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഏതു സമയവും മൂന്ന് മുതല്‍ അഞ്ച് വരെ ചൈനീസ് ചാരക്കപ്പലുകള്‍ പ്രദേശത്ത് പര്യവേക്ഷണം നടത്തുന്നുണ്ട്.യുവാന്‍ വാങ് 5 പോലുള്ള കപ്പലുകള്‍ ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് മേഖലയിലെ ഉപഗ്രഹ പ്രവര്‍ത്തനങ്ങളും മിസൈല്‍ പരീക്ഷണ വെടിവെപ്പും നിരീക്ഷിക്കുന്നു എന്നതാണ് വസ്തുത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *